wed

നിയമം ഭേദഗതി ചെയ്യാൻ നീക്കം

ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം ആൺകുട്ടികളുടേതിനു സമാനമായി 21 വയസാക്കാൻ നിയമം ഭേദഗതി ചെയ്യുന്നത് കേന്ദ്രസർക്കാരിന്റെ സജീവ പരിഗണനയിൽ.

സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനെ പറ്റി സൂചിപ്പിച്ചത്. അതിന് പിന്നാലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവാഹപ്രായം വ്യവസ്ഥ ചെയ്‌തിട്ടുള്ള ശാരദാ നിയമം വീണ്ടും ഭേദഗതി ചെയ്യാൻ സർക്കാർ നീക്കം ആരംഭിച്ചതായാണ് റിപ്പോർ‌ട്ട്.

ഇക്കാര്യം പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ വിവാഹ പ്രായത്തിൽ തീരുമാനമെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

കഴിഞ്ഞ ഒക്‌ടോബർ രണ്ടിനാണ് വനിതാ ശിശുക്ഷേമ മന്ത്രാലയം സാമൂഹ്യ പ്രവർത്തക ജയാ ജയ്‌റ്റ്ലി അദ്ധ്യക്ഷയായ ടാസ്‌ക് ഫോഴ്സിന് രൂപം നൽകിയത്. ജൂലായ് 31ന് റിപ്പോർട്ട് സമർപ്പിക്കേണ്ടതായിരുന്നു. കൊവിഡ് കാരണം വൈകി.
നിലവിൽ പെൺകുട്ടികളുടെ വിവാഹപ്രായം 18ഉം പുരുഷന്മാരുടേത് 21 ഉം ആണ്. പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നത് ശിശു മരണ നിരക്ക് കുറയ്‌ക്കാനും കുട്ടികളുടെ ആരോഗ്യം ഉറപ്പുവരുത്താനും ഗർഭകാലത്തെ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കാനും ഉതകുമെന്നാണ് വിലയിരുത്തൽ. ശൈശവ വിവാഹം തടയാനാണ് വിവാഹ പ്രായം ആൺകുട്ടികൾക്ക് 21ഉം പെൺകുട്ടികൾക്ക് 18ഉം ആയി നിശ്‌ചയിച്ചത്.

ശാരദാ നിയമം

1929ലെ ശൈശവ വിവാഹ നിരോധന നിയമം ആൺകുട്ടികൾക്ക് 18 വയസും പെൺകുട്ടികൾക്ക് 16 വയസും വിവാഹപ്രായമായി വ്യവസ്ഥ ചെയ്‌തിരുന്നു. ആര്യസമാജം അംഗവും വിദ്യാഭ്യാസ വിദഗ്ദ്ധനും രാജസ്ഥാനിലെ ജഡ്ജിയുമായിരുന്ന ഹർബിലാസ് ശാരദയാണ് ശൈശവ വിവാഹ നിരോധന നിയമത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെട്ട ശാരദാ നിയമം 1978ൽ ഭേദഗതി ചെയ്താണ് പെൺകുട്ടികളുടെ വിവാഹപ്രായം18 ആയും ആൺകുട്ടികളുടേത് 21 ആയും ഉയ‌ർത്തിയത്. ഇതും മാറ്റണമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ ഉൾപ്പെടെ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

 1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്‌ഷൻ 5 ( 3)​ പ്രകാരം വധുവിന് 18 വയസും വരന് 21 വയസുമാണ് മിനിമം പ്രായം നിശ്ചയിച്ചിരിക്കുന്നത്. മൈനറിന്റെ അപേക്ഷ പ്രകാരം ശൈശവ വിവാഹം അസാധുവാക്കാം.

 1954ലെ സ്പെഷ്യൽ മാര്യേജ് ആക്ടിലും 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിലും മിനിമം വിവാഹ പ്രായം പുരുഷന് 21ഉം സ്‌ത്രീക്ക് 18ഉം ആണ്.