ന്യൂഡൽഹി: ആർ.എസ്.എസും ബി.ജെ.പിയും ഫേസ്ബുക്കിനെയും വാട്‌സാപ്പിനെയും നിയന്ത്രിക്കുന്നുവെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽഗാന്ധി ആരോപിച്ചു. വ്യാജവാർത്തക്കളും വിദ്വേഷവും ഇവ വഴി പ്രചരിപ്പിക്കുകയാണ്. വോട്ടർമാരെയും സ്വാധിക്കാൻ ശ്രമിക്കുകയാണ്. ഒടുവിൽ അമേരിക്കൻ മാദ്ധ്യമങ്ങൾ ഫേസ്ബുക്കിനെക്കുറിച്ചുള്ള സത്യം പുറത്തുകൊണ്ടുവന്നുവെന്നും രാഹുൽ ട്വീറ്റ് ചെയ്തു. ചില ബി.ജെ.പി നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ നടപടി സ്വീകരിക്കാതെ ഫേസ്ബുക്ക് തങ്ങളുടെ നയങ്ങളിൽ വെള്ളം ചേർക്കുന്നതായി വാൾസ്ട്രീറ്റ് ജേർണൽ നൽകിയ വാർത്തയും പോസ്റ്റ് ചെയ്തായിരുന്നു രാഹുലിന്റെ ട്വീറ്റ്.
രാഹുലിന്റെ ട്വീറ്റിനെതിരെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് മറു ട്വീറ്റിട്ടു. സ്വന്തം പാർട്ടിക്കാരിൽ പോലും സ്വാധീനമുണ്ടാക്കാൻ കഴിയാത്ത പരാജിതർ, ലോകം മുഴുവൻ നിയന്ത്രിക്കുന്നത് ബി.ജെ.പിയും ആർ.എസ്.എസുമാണെന്ന് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു എന്നായിരുന്നു രവിശങ്കറിന്റെ ട്വീറ്റ്.