*ഈ മാസം അവസാനമോ, സെപ്‌തംബർ ആദ്യമോ തുടങ്ങിയേക്കും
ന്യൂഡൽഹി: ആറ് മാസത്തെ ഇടവേളയിൽ ചേരണമെന്നിരിക്കെ, സെപ്‌തംബർ 24ന് മുമ്പ് പാർലമെന്റിന്റെ മൺസൂൺ സമ്മേളനം തുടങ്ങാൻ രാജ്യസഭാ, ലോക്‌സഭാ സെക്രട്ടേറിയറ്റുകൾ ഒരുക്കങ്ങൾ തുടങ്ങി. ഈ മാസം അവസാനം അല്ലെങ്കിൽ സെപ്‌തംബർ ആദ്യം സമ്മേളനം തുടങ്ങാനാണ് ആലോചന
കൊവിഡ് പ്രതിരോധ നടപടികളുടെ പേരിൽ ചരിത്രത്തിൽ ഇടംപിടിക്കുന്ന പുതുമകളുമായാവും മഹാമാരിക്കാലത്ത് പാർലമെന്റ് സമ്മേളിക്കുക. എല്ലാം അംഗങ്ങൾക്കും ഒന്നിച്ചിരിക്കാൻ കഴിയാത്തതിനാൽ രാജ്യസഭയും ലോക്‌സഭയും ഇടവിട്ടാവും സമ്മേളിക്കുക.
കൊവിഡ് പ്രതിരോധം ഉറപ്പാക്കിയും സാമൂഹിക അകലം പാലിച്ചും രാജ്യസഭയിൽ ചെയർമാൻ, പ്രധാനമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, സഭാ നേതാക്കൾ, മുൻ പ്രധാനമന്ത്രിമാർ തുടങ്ങി 60 പേർ ചേംബറിൽ ഇരിക്കും. 51 പേർക്ക് മുകളിലെ ഗാലറികളിൽ ഇരിപ്പിടമൊരുക്കും. ബാക്കി 132പേർ ലോക്‌സഭയിലിരിക്കും. ഇതിനായി രാജ്യസഭ രാവിലെയും ലോക്‌സഭയും ഉച്ചയ്‌ക്കും ചേരുകയോ,ഒന്നിട വിട്ട ദിവസങ്ങളിൽ ചേരുകയോ ചെയ്യും. 540 അംഗങ്ങളുള്ള ലോക്‌സഭയിലും സുരക്ഷാ അകലം പാലിച്ച് കുറച്ച് പേർ മാത്രമാവും ചേംബറിൽ ഇരിക്കുക. ബാക്കി അംഗങ്ങൾ ലോക്‌സഭാ ഗാലറി, രാജ്യസഭാ ചേംബർ, ഗാലറി എന്നിവിടങ്ങളിൽ ഇരിക്കും. സഭാ നടപടികളുടെ തൽസമയ റിപ്പോർട്ടിംഗ് നടത്തുന്ന ജീവനക്കാർക്ക് വിദേശ പ്രതിനിധികൾക്കുള്ള ബോക്‌സിലായിരിക്കും ഇരിപ്പിടം. മാദ്ധ്യമ പ്രവർത്തകർക്കും സന്ദർശകർക്കും പ്രവേശനമില്ല.
അംഗങ്ങൾക്ക് നടപടിക്രമങ്ങൾ കാണാനും ചർച്ചകളിൽ പങ്കെടുത്ത് സംസാരിക്കാനുമായി ഇരു സഭകളെയും ദൃശ്യ-ശ്രാവ്യ കേബിളുകൾ വഴി ബന്ധിപ്പിക്കും. സഭാ ചേംബറുകളിൽ നാലും, ഗാലറികളിൽ ആറും വലിയ ഡിസ്‌പ്ളേ സ്‌ക്രീനുകളുമുണ്ടാകും. ഗാലറിയിലിരിക്കുന്ന അംഗങ്ങൾക്ക് സംസാരിക്കാൻ മൈക്കുകളും മറ്റും സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി. എസിയിൽ ഇരിക്കുന്ന അംഗങ്ങളുടെ സുരക്ഷയ്‌ക്കായി വായു അണുവിമുക്തമാക്കാൻ അൾട്രാവയലറ്റ് അണുനാശക സംവിധാനം സ്ഥാപിക്കും. ഈ സംവിധാനങ്ങളുടെ അവസാനവട്ട പരീക്ഷണം പൂർത്തിയായ ശേഷം മൺസൂൺ സമ്മേളനം തുടങ്ങുന്ന തിയതി പ്രഖ്യാപിക്കും. ഈമാസം അവസാനം അല്ലെങ്കിൽ സെപ്‌തംബർ ആദ്യം സമ്മേളനം തുടങ്ങാനാണ് ആലോചന.