neet

ന്യൂഡൽഹി: കൊവിഡിനെതിരായ വാക്‌സിൻ തയ്യാറാകുന്നത് വരെ നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി.

കൊവിഡിനിടയിലും ജീവിതം മുന്നോട്ട് പോകേണ്ടതുണ്ടെന്നും, പരീക്ഷകൾ നീട്ടിവച്ച് ഒരക്കാഡമിക് വർഷം നഷ്ടപ്പെടുത്തി വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് അരുൺ മിശ്രയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് അറിയിച്ചു. നീറ്റ് സെപ്തംബർ 13നാണ്. ജെ.ഇ.ഇ സെപ്തംബർ ഒന്ന് മുതൽ അഞ്ച് വരെ തിയതികളിലും. കൊവിഡിനെത്തുടർന്ന് തുടർച്ചയായി മാറ്റിവച്ച ശേഷമാണ് പരീക്ഷകളുടെ തീയതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.

പരീക്ഷ മാറ്റിവയ്ക്കണമെന്ന 11 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഹർജിയും കൃത്യസമയത്ത് നടത്തണമെന്ന മറ്റൊരു ഹർജിയുമാണ് കോടതി പരിഗണിച്ചത്. എന്നന്നേക്കുമായി പരീക്ഷകൾ നിറുത്തിവയ്ക്കാനാവുമോയെന്ന് ജസ്റ്റിസ് അരുൺ മിശ്ര ആരാഞ്ഞു. കോടതി മുറികൾ പോലും വാദം നടക്കുന്നതിന് തയ്യാറെടുപ്പുകൾ നടത്തിവരികയാണ്. രാജ്യത്തെ സ്ഥിതി സർക്കാരിനും സർക്കാർ ഏജൻസികൾക്കും നല്ലത് പോലെ അറിയാം. സർക്കാർ ഉചിതമായ തീരുമാനമെടുക്കും. പരീക്ഷ നടത്താനുള്ള സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ തങ്ങൾ ഇടപെടില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

വാക്‌സിൻ ഉടൻ കണ്ടെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്രദിന പ്രസംഗത്തിൽ പറഞ്ഞതായി ഹർജിക്കാർ വാദിച്ചു. എന്നാൽ പരീക്ഷ നീട്ടിവയ്ക്കുന്നതിനെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു. വേണ്ട സുരക്ഷാമാനദണ്ഡങ്ങൾ ഏർപ്പെടുത്തി നീറ്റ് പരീക്ഷ നടത്താമെന്ന് അദ്ദേഹം കോടതിക്ക് ഉറപ്പ് നൽകി.

ഗൾഫിൽ നീറ്റ് സെന്ററുകൾ അനുവദിക്കണം, ഓൺലൈനായി പരീക്ഷകൾ നടത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഖത്തർ കെ.എം.സി.സിയും ഒൻപതു രക്ഷാകർത്താക്കളും സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി, മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ നിലപാട് തേടി.