jungle
'ജംഗിൾ ബോയ്' രാംബാബു പിടിയിലായപ്പോൾ

ന്യൂഡൽഹി: കാട് താവളമാക്കുകയും കുറ്റകൃത്യങ്ങൾക്ക് മാത്രം പുറംലോകത്ത് എത്തുകയും ചെയ്യുന്ന ജംഗിൾ ബോയ് എന്ന കൊടുംകുറ്റവാളിയെ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിൽ ഡൽഹി പൊലീസ് കീഴടക്കി. കാട്ടിലിരുന്ന് ആസൂത്രണം ചെയ്ത് കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനാലാണ് രാംബാബുവിന് ജംഗിൾ ബോയ് എന്ന പേര് പതിഞ്ഞത്. കൊലപാതകം അടക്കമുള്ള കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ്. ഫരീദാബാദിലെ വനപ്രദേശമാണ് താവളം. ഇയാളുടെ തലയ്ക്ക് ഡൽഹി പൊലീസ് കാൽ ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നെങ്കിലും കാട്ടിൽ കയറി പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.

ഇന്നലെ അവിടെ നിന്ന് സുഹൃത്തിനെ കാണാൻ സമീപ പ്രദേശമായ സൈനിക് ഫാമിൽ എത്തുമെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച വൻ പൊലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചു.

രാവിലെ എട്ടേകാലോടെ തോക്കുധാരികളായ കൂട്ടാളികളുമായാണ് ജംഗിൾ ബോയ് കാടിറങ്ങി വന്നത്. വളയാൻ ശ്രമിച്ച പൊലീസിന് നേർക്ക് വെടിയുതിർത്തു. പൊലീസ് വെടിവച്ചതോടെ സംഘം ചിതറിയോടി. നേതാവിനെ മാത്രമാണ് പിടികൂടാൻ കഴിഞ്ഞത്. അതിനിടെ അജയ് ഡാഗർ എന്ന പൊലീസുകാരന് പരിക്കേറ്റു.

കഴിഞ്ഞ മേയ് 17ന് റോഹിത്തെന്ന 21കാരനെ വെടിവച്ച് കൊലപ്പെടുത്തിയതാണ് അവസാനത്തെ കേസ്.