india

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 27 ലക്ഷത്തിലേക്കും മരണം 52000ത്തിലേക്കും അടുത്തു. ഞായറാഴ്ച 58,096 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 960 പേർ കൂടി മരിച്ചു. 24 മണിക്കൂറിനിടെ 57,584 പേർ രോഗമുക്തി നേടി. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന രോഗമുക്തിയാണ് ഇത്. രോഗമുക്തി നിരക്ക് 72 ശതമാനം കടന്നു. ആകെ രോഗം ഭേദമായവരുടെ എണ്ണം ഇരുപത് ലക്ഷത്തിനടുത്തെത്തി. മരണനിരക്ക് 1.92 ശതമാനമായി കുറഞ്ഞു.
ആകെ കൊവിഡ് പരിശോധനകൾ മൂന്നു കോടി പിന്നിട്ടു. ദശലക്ഷത്തിലെ പരിശോധന 21769 ആയി ഉയർന്നു. ആകെ പരിശോധനകളുടെ എണ്ണം ജൂലായ് 14ന് 1.2 കോടി ആയിരുന്നത്, ആഗസ്റ്റ് 16ന് 3 കോടിയായി. പോസിറ്റിവിറ്റി നിരക്ക് ഇതേകാലയളവിൽ 7.5 ശതമാനത്തിൽ നിന്ന് 8.81 ശതമാനമായി വർദ്ധിച്ചു.

പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിക്കുകയാണ്. ഈ വർഷം ജനുവരിയിൽ പൂനയിൽ ഒരു കൊവിഡ് പരിശോധന കേന്ദ്രം മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന്, ഗവൺമെന്റ് മേഖലയിലെ 969 ഉം സ്വകാര്യമേഖലയിലെ 501ഉം ഉൾപ്പെടെ 1470 പരിശോധനാ കേന്ദ്രങ്ങളുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
- ആന്ധ്രപ്രദേശിൽ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷത്തിലേക്ക്. ഇന്നലെ 6780 പേർക്ക് രോഗബാധസ്ഥിരീകരിച്ചു. 82 മരണവും റിപ്പോർട്ട് ചെയ്തു.

- തമിഴ്‌നാട്ടിൽ 5890 പുതിയ രോഗികളും 120 മരണവും

- ഉത്തർപ്രദേശിൽ 3798 പേർക്ക് കൂടി കൊവിഡ്. 66 മരണവും
-കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്ന ബിഹാറിൽ 2525 പേർക്ക് കൂടി ഇന്നലെ രോഗബാധ. 5 മരണവും
-ഒഡിഷയിൽ 2244 പേർക്ക് കൂടി കൊവിഡ്

-ഒഡിഷ ഗ്രാമവികസന മന്ത്രി സുശാന്ത് സിംഗിന് കൊവിഡ്. നവീൻ പട്‌നായിക് സർക്കാരിൽ കൊവിഡ് സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ്.

-രണ്ടു പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ തമിഴ്‌നാട് കോയമ്പത്തൂരിലെ സി.ബി -സി.ഐ.ഡി ഓഫീസ് അടച്ചു.

-എൻ.സി.പി നേതാവ് ശരത് പവാറിന്റെ വസതിയിലെ പാചക്കാരനും സുരക്ഷാ ജീവനക്കാരും ഉൾപ്പെടെ നാലുപേർക്ക് കൊവിഡ്. പവാറിന്റെ പരിശോധനാഫലം നെഗറ്റീവ്