ന്യൂഡൽഹി: കരിപ്പൂർ വിമാന അപകട കാരണം പൈലറ്റിന് പിഴവാണെന്ന തരത്തിൽ പ്രചരിക്കുന്ന വിവരങ്ങൾ കൃത്യമല്ലെന്ന് സിവിൽ വ്യോമയാന ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർ (ഡി.ജി.സി.എ) അറിയിച്ചു. വ്യോമയാന വകുപ്പുമായി ബന്ധപ്പെട്ട സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ എം.പിമാരെയാണ് ഇക്കാര്യമറിയിച്ചത്. അന്വേഷണം പൂർത്തിയാകാതെ ഇതേക്കുറിച്ച് ഒന്നും പറയാനാകില്ല. വിമാനം റൺവേയിൽ 1000 മീറ്റർ മുന്നോട്ടാണ് ലാൻഡ് ചെയ്‌തതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് കമ്മിറ്റി അംഗങ്ങൾക്ക് ആദ്യം ലഭ്യമാക്കുമെന്നും ഡി.ജി.സി.എ അറിയിച്ചു.
കരിപ്പൂർ വിമാനത്തെക്കുറിച്ച് പ്രത്യേക ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റി അംഗങ്ങളായ കെ.സി. വേണുഗോപാൽ, ആന്റോ ആന്റണി, കെ. മുരളീധരൻ എന്നിവർ കത്തു നൽകിയിരുന്നു. ചെറിയ വിമാനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കരിപ്പൂരിൽ വലിയവയ്‌ക്ക് നിരോധനം ഏർപ്പെടുത്തിയതിനെ കെ.സി. വേണുഗോപാൽ ചോദ്യം ചെയ്‌തു.
കരിപ്പൂരിൽ റൺവേ വികസനത്തിനായുള്ള നിർദ്ദേശം പത്തു വർഷമായി പരിഗണിച്ചിട്ടില്ലെന്ന് കെ. മുരളീധരൻ പറഞ്ഞു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വ്യോമയാന മന്ത്രാലയം വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപടത്തിൽപ്പെട്ട യാത്രക്കാർക്ക് അന്താരാഷ്‌ട്ര കരാർ അനുസരിച്ചുള്ള നഷ്‌ടപരിഹാരം ലഭ്യമാക്കണമെന്ന് ആന്റോ ആന്റണി ആവശ്യപ്പെട്ടു.