ar

ന്യൂഡൽഹി: ജമ്മുകാശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ മൂന്ന് ലഷ്‌കർ ഇ തൊ‌യ്ബ ഭീകരർ നടത്തിയ വെടിവയ്പിൽ ജമ്മുകാശ്മീർ പൊലീസ് ഓഫീസറും രണ്ടു സി.ആർ.പി.എഫ് ജവാൻമാരും വീരമൃത്യു വരിച്ചു. സുരക്ഷാ സേനയുടെ പ്രത്യാക്രമണത്തിൽ ലഷ്‌കർ കമാൻഡർ സജ്ജാദ് (ഹൈദർ) ഉൾപ്പെടെ രണ്ടുഭീകരരും കൊല്ലപ്പെട്ടു. മറ്റൊരു ഭീകരനായി തെരച്ചിൽ തുടരുകയാണ്.

ജമ്മുകാശ്മീർ സ്‌പെഷൽ പൊലീസ് ഓഫീസർ മുസഫർ അലി ദർ, സി.ആർ.പി.എഫ് 119 ബറ്റാലിയനിലെ കോൺസ്റ്റബിൾമാരായ ഖുർഷിദ് ഖാൻ, ശർമ്മ ലവകുശ് സുധർശൻ എന്നിവരാണ് വീരമൃത്യു വരിച്ചത്.

തിങ്കളാഴ്ച രാവിലെ വടക്കൻ കാശ്മീരിലെ ബാരമുള്ളയിലെ ക്രീരി പ്രദേശത്തെ ചെക്‌പോസ്റ്റിലെ സി.ആർ.പി.എഫിന്റെയും ജമ്മുകാശ്മീർ പൊലീസിന്റെയും സംയുക്ത സംഘത്തിന് നേരെ തൊട്ടടുത്ത തോട്ടത്തിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. രക്ഷപ്പെട്ട ഭീകരർക്കു നേരെ പ്രദേശം വളഞ്ഞ് പ്രത്യാക്രമണം നടത്തുകയായിരുന്നു.

മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ആക്രമണം നടന്ന പ്രദേശത്ത് പൊലീസ് കനത്ത സുരക്ഷാ വലയം തീർത്തു.

ഒരാഴ്ചയ്ക്കുളളിൽ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ആഗസ്റ്റ് 14ന് നൗഗാമിലുണ്ടായ ആക്രമണത്തിൽ രണ്ടു പൊലീസുകാർക്ക് ജീവൻ നഷ്ടമായിരുന്നു.