ന്യൂഡൽഹി: യു.എ.ഇ കോൺസലേറ്റ് വഴി തിരുവനന്തപുരം എയർപോർട്ടിലൂടെ നടന്ന സ്വർണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അറ്റാഷെ റഷീദ് ഖാമീസ് അൽ അഷ്‌മി എൻ.ഐ.എയെ അറിയിച്ചതായി സൂചന.
അന്വേഷണത്തിന്റെ ഭാഗമായി യു.എ.ഇയിലെത്തിയ എൻ.ഐ.എ സംഘം എഴുതി നൽകിയ ചോദ്യാവലിക്കുള്ള മറുപടിയിൽ ,സ്വപ്‌നാ സുരേഷടക്കം പ്രതികളുടെ മൊഴികളിലുള്ള ആരോപണങ്ങൾ അറ്റാഷെ പാടെ നിഷേധിച്ചെന്നാണ് അറിയുന്നത്. ഹൈദരാബാദ് യൂണിറ്റിന്റെ നേതൃത്വത്തിൽ രണ്ടു സംഘമായാണ് എൻ.ഐ.എ എത്തിയത്. ഇതിൽ ഒരു സംഘം കഴിഞ്ഞ ദിവസം മടങ്ങിയെത്തി. യു.എ.എയിൽ തുടരുന്ന സംഘത്തിനാണ് അറ്റാഷെ ചോദ്യാവലിക്ക് മറുപടി നൽകിയത്. നേരിട്ടുള്ള ചോദ്യം ചെയ്യലിന് സാങ്കേതിക തടസങ്ങളുണ്ടെന്ന് യു.എ.ഇ അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധങ്ങൾക്ക് പോറൽ ഏൽപ്പിക്കാത്ത വിധമാണ് വിദേശകാര്യ മന്ത്രാലയം കേസന്വേഷണം നടത്തുന്നത്. കേസിലെ പ്രധാന കണ്ണി, ദുബായിൽ അറസ്റ്റിലായ മലയാളി ഫൈസലിനെ ചോദ്യം ചെയ്‌തതിന്റെ വിവരങ്ങൾ അറിവായിട്ടില്ല. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും അറിയുന്നു. മുൻ ഐ.ടി സെക്രട്ടറി എം. ശിവശങ്കറും സ്വപ്‌നാ സുരേഷും നടത്തിയ വിദേശ യാത്രകളുടെ വിശദാംശങ്ങളും എൻ.ഐ.എ തേടുന്നുണ്ട്.