ന്യൂഡൽഹി: ഇക്കഴിഞ്ഞ ജൂൺ പത്തിന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ മരിച്ച തന്റെ മാതാവ് ബ്രിജിത്ത്(90) കൊവിഡ് നെഗറ്റീവ് ആയിരുന്നുവെന്ന് അൽഫോൺസ് കണ്ണന്താനം എം.പി പറഞ്ഞു. കൊവിഡ് രോഗം മറച്ചുവച്ചാണ് മൃതദേഹം കോട്ടയത്ത് കൊണ്ടുവന്ന് സംസ്‌കരിച്ചതെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മേയ് 28ന് എയിംസിൽ പ്രവേശിപ്പിച്ചത് കൊവിഡ് പോസിറ്റീവായ ശേഷമാണ്. എന്നാൽ ജൂൺ അഞ്ചിന് നടത്തിയ ടെസ്‌റ്റിൽ നെഗറ്റീവാണെന്ന് തെളിഞ്ഞു. ജൂൺ പത്തിന് നടത്തിയ പരിശോധനയിലും നെഗറ്റീവ് ആയിരുന്നു. കൊവിഡ് മുക്തയായെങ്കിലും രോഗബാധ അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചതാണ് മരണത്തിനിടയാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു. എയിംസിൽ നടത്തിയ പരിശോധനകളുടെ റിപ്പോർട്ട് കണ്ണന്താനം ഫേസ്ബുക്കിൽ പോസ്‌റ്റു ചെയ്‌തിരുന്നു.