wep

ന്യൂഡൽഹി: ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കാൻ ഇറക്കുമതി നിയന്ത്രണം പ്രഖ്യാപിച്ചതിന് പുറകെ പ്രതിരോധ ഉത്പന്നങ്ങളുടെ കയറ്റുമതിക്കായി ഇന്ത്യ രൂപരേഖ തയ്യാറാക്കുന്നു. ഇന്ത്യയുടെ മിത്രങ്ങളായ രാജ്യങ്ങൾക്ക് ആവശ്യമുള്ള ആയുധങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും പട്ടിക തയ്യാറാക്കുകയാണെന്ന് പ്രതിരോധ നിർമ്മാണ വകുപ്പ് സെക്രട്ടറി രാജ് കുമാർ അറിയിച്ചു. കേന്ദ്ര സർക്കാർ ആഭ്യന്തര കമ്പനികളുമായി സഹകരിച്ച് സുഹൃത് രാജ്യങ്ങൾക്ക് ആവശ്യമുള്ള ആയുധങ്ങളുടെയും മറ്റ് ഉൽപന്നങ്ങളുടെയും പ്ളാറ്റ്ഫോമും നിർമ്മിച്ച് കയറ്റുമതി ചെയ്യാനാണ് പദ്ധതി. ഉൽപന്നങ്ങളുടെ പട്ടിക പൂർത്തിയായി വരികയാണ്. നയതന്ത്ര ചാനൽ വഴി പ്രതിരോധ അറ്റാഷെമാരുമായി ചർച്ച നടത്തി പട്ടികയ്‌ക്ക് അന്തിമ രൂപം നൽകും. 101 പ്രതിരോധ ഉൽപന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് ആഗസ്‌റ്റ് 9ന് കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ തുടർച്ചയായി രണ്ടാം പട്ടികയും ഉടൻ പുറത്തുവിടുമെന്ന് രാജ് കുമാർ അറിയിച്ചു.