ന്യൂഡൽഹി:കൊവിഡ് പ്രതിരോധത്തിന് പണം കണ്ടെത്താനുള്ള പി.എം. കെയേഴ്‌സ് ഫണ്ടിലെ തുക ദേശീയ ദുരന്ത പ്രതികരണ നിധിയിലേക്ക് (എൻ.ഡി.ആർ.എഫ്.) മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ ആവശ്യം ഉന്നയിച്ച പൊതുതാൽപര്യ ഹർജി കോടതി തള്ളി.
പി. എം. കെയേഴ്‌സ് എൻ. ഡി. ആർ. എഫിൽ നിന്ന് വ്യത്യസ്തമാണെന്നും കൊവിഡിനായി പുതിയ ദേശീയ ദുരന്ത പ്രതികരണ നിധി തുടങ്ങേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനും ജസ്റ്റിസ്‌മാരായ ആർ സുഭാഷ് റെഡി, എം. ആർ. ഷാ എന്നിവർ അംഗങ്ങളുമായ ബെഞ്ച് അഭിപ്രായപ്പെട്ടു.
എൻ.ഡി.ആർ.എഫിലേക്ക് വ്യക്തഗത സംഭാവനകൾ നൽകാൻ നിയമപരമായ തടസമില്ലെന്നും കോടതി പറഞ്ഞു.
പി.എം. കെയേഴ്‌സ് ചാരിറ്റബിൾ ട്രസ്റ്റാണെന്നും അതിൽ ആർക്കും സംഭാവന നൽകാമെന്നും കേന്ദ്രം കഴിഞ്ഞയാഴ്ച കോടതിയെ അറിയിച്ചിരുന്നു. പി. എം. കെയേഴ്‌സ് പോലുള്ള പബ്ലിക് ട്രസ്റ്റിന് ലഭിക്കുന്ന സംഭാവനകൾ എൻ. ഡി. ആർ. എഫ് പോലുള്ള സ്റ്റാറ്റ്യൂട്ടറി ഫണ്ടിലേക്ക് മാറ്റണമെന്നത് തെറ്റിദ്ധാരണയാണെന്നും എൻ. ഡി. ആർ. എഫിന്റെ ഫണ്ട് കേന്ദ്ര സംസ്ഥാന ബഡ്ജറ്റുകളിൽ വകയിരുത്തുന്നതാണെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
അതേസമയം പി. എം. കെയേഴ്സ് ഫണ്ട് ആവശ്യമങ്കിൽ എൻ.ഡി. ആർ. എഫിലേക്ക് മാറ്റാൻ കേന്ദ്രത്തിനും പ്രധാനമന്ത്രിക്കും അധികാരമുണ്ട്.
ദുരന്ത ദുരിതാശ്വാസത്തിന് എൻ. ഡി. ആർ. എഫിന്റെ മിനിമം മാനദന്ധങ്ങളിൽ ഇടപെടാനും കോടതി വിസമ്മതിച്ചു.
സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷനാണ് കോടതിയെ സമീപിച്ചത്. അഭിഭാഷകരായ ദുഷന്ത് ദവെയും പ്രശാന്ത് ഭൂഷണുമാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായത്.
വിവരാവകാശം ബാധകമല്ല
പി.എം. കെയേഴ്‌സ് ഫണ്ടിന് വിവരാവകാശ നിയമവും സി. എ. ജി ഓഡിറ്റും ബാധകമല്ല. സംഭാവനകൾക്ക് 100% നികുതി ഇളവ്. മാർച്ച് 28നാണ് പ്രൈം മിനിസ്റ്റേഴ്‌സ് സിറ്റിസൻ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻസ് രൂപീകരിച്ചത്. പ്രധാനമന്ത്രി എക്‌സ് ഒഫിഷ്യോ ചെയർമാൻ. പ്രതിരോധ, ആഭ്യന്തര, ധനമന്ത്രിമാർ എക്‌സ് ഒഫിഷ്യോ ട്രസ്റ്റിമാർ.
പി.എം കെയേഴ്സ് ഫണ്ട്: ആരോപണങ്ങളിൽ കഴമ്പില്ലെന്ന് തെളിഞ്ഞു: മന്ത്രി രവിശങ്കർ പ്രസാദ്
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കാനുള്ള പി.എം. കെയേഴ്‌സ് ഫണ്ടിനെതിരെ കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സുപ്രീംകോടതി വിധിയോടെ തെളിഞ്ഞെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്. കൊവിഡ് പ്രതിരോധത്തിന് ഫണ്ട് വിനിയോഗിക്കുന്നത് സുതാര്യമായ മാർഗങ്ങളിലൂടെയാണെന്നും അദ്ദേഹം വിശദീകരിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കൂട്ടരും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പി.എം. കെയേഴ്സ് ഫണ്ടിനെതിരെയുള്ള ആരോപണങ്ങൾ. ഇതിനകം 3100 കോടി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈമാറിയ പി.എം. കേയേഴ്സിന്റെ പ്രവർത്തനം സുതാര്യവും അഴിമതിരഹിതവുമാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. പൊതുജനങ്ങൾ അംഗങ്ങളായുള്ള ട്രസ്‌റ്റായാണ് അതു പ്രവർത്തിക്കുന്നത്. കണക്കുകൾ ഓഡിറ്റിന് വിധേയമാണ്. രാജീവ് ഗാന്ധി ഫൗണ്ടേഷൻ പോലെ ഒരു കുടുംബം നടത്തുന്ന ഒന്നല്ലെന്നും കോൺഗ്രസിനെ ആക്രമിച്ച് മന്ത്രി ചൂണ്ടിക്കാട്ടി. 1948ൽ രൂപീകൃതമായ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി തുടക്കത്തിൽ ഇന്ത്യയിലേക്ക് വരുന്ന അഭയാർത്ഥികൾക്ക് സഹായം നൽകാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. പിന്നീടാണ് പ്രകൃതി ദുരന്തങ്ങൾക്ക് സഹായം നൽകാൻ ആരംഭിച്ചത്. അതേസമയം പി.എം കെയേഴ്സ് ഫണ്ട് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കാൻ ലക്ഷ്യമിട്ട് രൂപീകരിച്ചതാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. അതേസമയം ഇന്നലത്ത സുപ്രീംകോടതി ഉത്തരവ് നിരാശപ്പെടുത്തിയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല പറഞ്ഞു. സുതാര്യതയും വിശ്വാസ്യതയും ആവശ്യപ്പെടുന്നവർക്കുള്ള തിരിച്ചടിയാണിത്. പി.എം ഫണ്ടിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി നൽകുന്നതല്ല ഉത്തരവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.