ന്യൂഡൽഹി: നിയമസഭയുടെ ശൈത്യകാല സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ ആരോഗ്യ കുടുംബക്ഷേമ മന്ത്രി അതുൽ ഗാർഗി, ഉത്തർപ്രദേശ് അസംബ്ലിയിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അടക്കം 20 സ്റ്റാഫ് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരിൽ അണ്ടർ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.താനുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ആഗസ്റ്റ് 15 ന് ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തിയപ്പോൾ നെഗറ്റീവ് ആയിരുന്നു. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് തിങ്കളാഴ്ച രാത്രി നടത്തിയ റാപിഡ് ടെസ്റ്റിലാണ് പോസിറ്റീവ് ഫലം വന്നത്. 300 അസംബ്ലി ജീവനക്കാരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയെന്നും ഇതിൽ 20 പേർ പോസിറ്റീവാണെന്നും സ്പീക്കർ ഹൃദയ നാരായൺ ദീക്ഷിത് അറിയിച്ചു. പരിശോധന നടത്തിയ മറ്റ് ജീവനക്കാരുടെ ഫലത്തിനായി കാത്തിരിക്കുകയാണെന്നും അസംബ്ലി സെക്രട്ടേറിയറ്റ് അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ നിയമസഭയിൽ എത്തുന്നതിന് മുമ്പ് എല്ലാ എം.എൽ.എമാരും നിർബന്ധമായും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. പരിശോധനയ്ക്കായി ഇന്ന് (19ന്) നിയമസഭാ കെട്ടിടത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. യു.പി.യിൽ 10 മന്ത്രിമാരും പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗധരിയും രോഗം ബാധിച്ച് ചികിത്സയിലാണ്. മന്ത്രിമാരായ കമൽ റാണി വരുണും ചേതൻ ചൗഹാനും യു.പിയിൽ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.