death-by-hunger

ന്യൂഡൽഹി: കർണാടകയിലെ ബെല്ലാരിയിൽ കൊവിഡ് ബാധിച്ച് വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 60കാരൻ പട്ടിണി കിടന്ന് മരിച്ചതായി റിപ്പോർട്ടുകൾ. രോഗം ബാധിച്ചതിനെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി കുടുംബാംഗങ്ങൾ മറ്റിടങ്ങളിലേക്ക് താമസം മാറിയിരുന്നു. വൃദ്ധന് ഭക്ഷണം നൽകാൻ കുടുംബാംഗങ്ങൾ തയാറായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. രോഗിയെ ചികിത്സയ്ക്കാൻ മെഡിക്കൽ സംഘം എന്തുകൊണ്ട് തയ്യാറായില്ല എന്ന കാര്യവും ജില്ലാഭരണകൂടം പരിശോധിക്കും.

ആഗസ്റ്റ് 15നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് കുടുംബാംഗങ്ങൾ മറ്റു വീടുകളിലേക്ക് താമസം മാറ്റി. ഭക്ഷണത്തിന്‌വേണ്ടി 60കാരൻ യാചിക്കുന്ന ശബ്ദം വീട്ടിൽ നിന്ന്‌ കേട്ടിരുന്നത്രേ. രണ്ടുദിവസത്തിനിടെ ഒരിക്കൽ മാത്രമാണ് 60കാരന് ഭക്ഷണം എത്തിച്ചുനൽകിയത്. പട്ടിണി മരണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് ആരോഗ്യവിഭാഗം ഉൾപ്പെടെയുളളവർ സ്ഥലത്തെത്തിയത്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഒറ്റയ്ക്ക് താമസിക്കാൻ 60കാരൻ സ്വമേധയാ തയ്യാറാവുകയായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്.