ന്യൂഡൽഹി: ഏഷ്യൻ വികസന ബാങ്കിന്റെ (എ.ഡി.ബി) വൈസ് പ്രസിഡന്റായി നിയമിതനായ അശോക് ലവാസ തിരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനം രാജിവച്ചു. കമ്മിഷനിൽ 2022 ഒക്ടോബർ വരെ കാലാവധിയുണ്ടായിരുന്ന ലവാസ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ അടുത്ത ഏപ്രിലിൽ വിരമിക്കുമ്പോൾ പിൻഗാമിയാകുമായിരുന്നു.
സാമ്പത്തിക വിദഗ്ദ്ധനായ അശോക് ലവാസ ജൂലായ് 15നാണ് ഫിലിപ്പൈൻസ് ആസ്ഥാനമായ എ.ഡി.ബിയുടെ ആറ് വൈസ് പ്രസിഡന്റുമാരിൽ ഒരാളായി നിയമിതനായത്. മൂന്നു വർഷത്തെ കാലാവധിയിൽ അവിടെ അദ്ദേഹത്തിന് പൊതു-സ്വകാര്യ പങ്കാളിത്ത, സ്വകാര്യ മേഖലാ വിഭാഗത്തിന്റെ ചുമതലയാണ്.
1980 ഹരിയാനാ കേഡർ ഉദ്യോഗസ്ഥനായ ലവാസ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 2018 ജനുവരിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന ആരോപണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ക്ളീൻ ചിറ്റ് നൽകാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിൽ അദ്ദേഹം വിയോജിപ്പിച്ച് പ്രകടിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെ ലവാസയുടെ ഭാര്യയുടെയും മകന്റെയും ബന്ധുക്കളുടെയും വസതികളിൽ ആദായ നികുതി റെയ്ഡു നടന്നതും വിവാദമായി.