ന്യൂഡൽഹി: തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കോപ്പർ ഫാക്ടറി അടച്ചുപൂട്ടിയ സർക്കാർ തീരുമാനത്തിനെതിരെ ഉടമകളായ വേദാന്ത ലിമിറ്റഡ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. പ്ലാന്റ് പൂട്ടാനുള്ള സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് വേദാന്ത ലിമിറ്റഡ് സമർപ്പിച്ച ഹർജിയിലാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി നടപടി.
2018 ഏപ്രിൽ മുതൽ സ്റ്റെർലൈറ്റ് പ്ലാന്റ് അടിച്ചിട്ടിരിക്കുകയാണ്. നിലവിലെ സ്ഥിതി തുടരണമെന്നും കോടതി അറിയിച്ചു. ഹൈക്കോടതി വിധിക്കെതിരെ വേദാന്തയ്ക്ക് സുപ്രീംകോടതിയിൽ അപ്പീൽ പോകാമെങ്കിലും അതുവരെ ഫാക്ടറി തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണമെന്ന വേദാന്തയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡും കമ്പനിക്ക് പ്രവർത്താനാനുമതി നൽകിയിട്ടില്ല. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും മധുരം വിതരണം ചെയ്തുമാണ് ജനങ്ങൾ വിധിയെ സ്വാഗതം ചെയ്തത്. കോടതി ഉത്തരവ് പരിസ്ഥിതിയെ നശിപ്പിക്കാനുള്ള നീക്കങ്ങൾക്ക് താക്കീതാണെന്ന് ഡി.എം.കെ എംപി കനിമൊഴി. കോടതി വിധി ജനങ്ങളുടെ വിജയമെന്നും തൂത്തുക്കുടി എം പി പ്രതികരിച്ചു.
2018ലെ പ്രതിഷേധം
ഫാക്ടറി വലിയ തോതിൽ മലിനീകരണമുണ്ടാക്കുന്നെന്ന് ആരോപിച്ച് 2018ൽ ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പിൽ 14 പേർക്ക് ജീവൻ നഷ്ടമായി. പൊലീസ് നടപടിക്ക് പിന്നാലെ 2018 ഏപ്രിൽ 9 നാണ് പ്ലാന്റ് അടച്ചിട്ടത്.