ന്യൂഡൽഹി : പപ്പടത്തിനും ഗോമൂത്രത്തിനും ആയുർവേദ സാരിക്കും പിന്നാലെ കൊവിഡിനെ പ്രതിരോധിക്കാൻ പുതിയ മരുന്ന് 'കണ്ടെത്തി' രാജസ്ഥാൻ ബി.ജെ.പി. എം.പി. സുഖ് ബീർ സിംഗ് ജോൻപുരി. കൊവിഡിനെതിരെ പ്രതിരോധശേഷി കൂട്ടാൻ ചെളിയും ശംഖും ആയുധമാക്കാനുള്ള വിചിത്ര മാർഗം നിർദേശിച്ചിരിക്കുകയാണ് സുഖ്‌ബീർ സിംഗ്.
ചെളിയിൽ ഇരിക്കുന്നതും ശംഖ് ഊതുന്നതും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടും. ഇതുവഴി കൊവിഡിനെതിരെ പോരാടാൻ ശരീരം പ്രതിരോധ ശേഷി കൈവരിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതാദ്യമായല്ല സുഖ്‌ബീർ സിംഗ് വിചിത്ര വാദങ്ങൾ ഉന്നയിക്കുന്നത്. ശരീരം മുഴുവൻ ചെളി പുരട്ടിയ ശേഷം യോഗ ചെയ്താൽ എല്ലാ അസുഖങ്ങളും മാറുമെന്ന് കഴിഞ്ഞ യോഗദിനത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
യോഗ ചെയ്താൽ കൊവിഡ് വരില്ലെന്നും ഭാഭിജി പപ്പടം കഴിച്ചാൽ രോഗമുണ്ടാകില്ലെന്നും അഭിപ്രായപ്പെട്ട രണ്ട് മന്ത്രിമാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ആത്മനിർഭർ അഭിയാന്റെ ഭാഗമായി നിർമ്മിച്ച 'ഭാഭിജി പപ്പടം' പ്രതിരോധ ശേഷി കൂട്ടി വൈറസിനെ ചെറുക്കുമെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. പിന്നാലെ മദ്ധ്യപ്രദേശിൽ നിന്ന് ആയുർവേദ സാരിയടക്കമുള്ള കൊവിഡ് മരുന്നുകളുമായി ഒട്ടേറെ ജനപ്രതിനിധികൾ വാർത്തകളിൽ ഇടം നേടിയിരുന്നു.