ന്യൂഡൽഹി: ഭിക്ഷ യാചിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 90,000 രൂപ നൽകി തമിഴ്‌നാട്ടിലെ യാചകന്റെ ജീവകാരുണ്യം.തൂത്തുക്കുടി സ്വദേശിയായ പൂൾ പാണ്ഡ്യനാണ് ( 68 ) ഒൻപത് തവണയായി 90,000 രൂപ ജില്ലാ ഭരണകൂടത്തെ ഏൽപ്പിച്ചത്. മഹദ്കർമ്മത്തിന്റെ പേരിൽ ജില്ലാ കളക്ടർ പാണ്ഡ്യനെ ആദരിച്ചു.
മുഖ്യമന്ത്രി എടപ്പാടി.കെ.പളനിസ്വാമി കൊവിഡ് പ്രതിരോധത്തിന് സഹായം അഭ്യർത്ഥിച്ചിരുന്നു. ഇതറിഞ്ഞ പാണ്ഡ്യൻ മേയ് 18ന് പതിനായിരം രൂപ ജില്ലാ കളക്ടറെ ഏൽപ്പിച്ചു. പിന്നീട് എട്ട് തവണയായി എൺപതി നായിരം രൂപയും നൽകി.
സ്വാതന്ത്ര്യദിനത്തിൽ ആദരിക്കേണ്ടവരുടെ പട്ടികയിൽ പാണ്ഡ്യ നെയും കളക്ടർ ഉൾപ്പെടുത്തിയിരുന്നു. പക്ഷേ സമയത്തിനുള്ളിൽ അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ല.ഒൻപതാമത്തെ ഗഡു നൽകാൻ എത്തിയപ്പോൾ അധികൃതർ പാണ്ഡ്യനെ കളക്ടറുടെ ചേംബറിൽ എത്തിക്കുകയായിരുന്നു. അവിടെ വച്ച് കളക്ടർ അദ്ദേഹത്തെ ആദരിച്ചു.
കാമരാജിന്റെ ആരാധകൻ
മക്കൾ ഉപേക്ഷിച്ചതോടെയാണ് പാണ്ഡ്യൻ യാചകനായത്. കാവി മുണ്ടു പുതച്ച് വലിയ രുദ്രാക്ഷ മാലയണിഞ്ഞ് ഭസ്‌മപ്പാത്രവുമായാണ് ഭിക്ഷാടനത്തിന് ഇറങ്ങുന്നത്. പാണ്ട്യന്റെ പഠിപ്പ് ഒന്നാം ക്ലാസിൽ അവസാനിച്ചു . മുഖ്യമന്ത്രിയും കോൺഗ്രസിന്റെ ദേശീയ നേതാവുമായിരുന്ന മഹാനായ കാമരാജിന്റെ കടുത്ത ആരാധകനാണ്. കാരണം ചോദിച്ചാൽ പാണ്ഡ്യൻ പറയും - കാമരാജും കുട്ടിക്കാലത് തേ പഠിപ്പ് നിർത്തിയ ആളാണ് !
അടുത്തിടെ സർക്കാൾ സ്‌കൂളിന് മേശയും കസേ രയും മറ്റും വാങ്ങാനും ഇദ്ദേഹം സംഭാവന നൽകിയിരുന്നു.ലോക്ക്ഡൗൺ കാലത്ത് മധുരയിൽ കുടുങ്ങിയ അദ്ദേഹം സർക്കാരിന്റെ അഭയകേന്ദ്രത്തിലായിരുന്നു. ലോക്ക്ഡൗണിന് ശേഷം ജനങ്ങൾ നൽകിയ ഭിക്ഷയാണ് സംഭാവന നൽകിയത്.