ന്യൂഡൽഹി: ബി.ജെ.പി നേതാക്കളുടെ അപകീർത്തികരമായ പരാമർശങ്ങൾ അടങ്ങിയ പോസ്റ്റുകൾ അനുവദിച്ചെന്ന ആരോപണമുയർന്ന സാഹചര്യത്തിൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരെ മാറ്റി നിറുത്തി അടിയന്തര അന്വേഷണത്തിന് ഉത്തരവിടണമെന്ന് കോൺഗ്രസ്, ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കൻബർഗിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ബിസിനസിനെ ബാധിക്കാതിരിക്കാൻ ബി.ജെ.പി നേതാക്കളുടെ അപകീർത്തികരമായ പോസ്റ്റുകൾ അനുവദിച്ചെന്ന വാൾ സ്ട്രീറ്റ് ജേണലിൽ വന്ന ലേഖനത്തിന്റെ ചുവടുപിടിച്ചാണ് നീക്കം.
ഫേസ്ബുക്കിൽ നിന്ന് സാമൂഹികവും ധാർമ്മികവുമായ ഉത്തരവാദിത്വം പ്രതീക്ഷിക്കുന്നുണ്ടെന്ന് കത്തിൽ പറയുന്നു. ഫേസ്ബുക്കിന്റെയും വാട്സ്ആപ്പിന്റെയും ഇന്ത്യയിലെ ചുമതലയുള്ളവർക്കെതിരെ സമാനമായ പരാതി കോൺഗ്രസ് മുമ്പും ഉയർത്തിയിരുന്നു. വെളിപ്പെടുത്തലിനെ തുടർന്ന് അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്തത് ആരോപണം ശരിവയ്ക്കുന്നു. ഈ സാഹചര്യത്തിൽ ഫേസ്ബുക്ക് ഇന്ത്യാ നേതൃത്വത്തിനെതിരെ വിശദമായ അന്വേഷണം നടത്തണം. 2014 മുതലുള്ള അപകീർത്തികരമായ പോസ്റ്റുകളെക്കുറിച്ചും അന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.