ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ച്, തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് 50 വർഷത്തേക്ക് കൈമാറുന്ന നടപടിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി.
ആദ്യഘട്ടത്തിൽ സ്വകാര്യവത്‌കരണത്തിന് തീരുമാനിച്ച ആറ് വിമാനത്താവളങ്ങളിൽ അഹമ്മദാബാദ്, ലക്‌നൗ, മംഗലാപുരം എന്നിവ അദാനിക്ക് നേരത്തേ കൈമാറിയിരുന്നു. ജയ്‌പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും അദാനിക്ക് കൈമാറാൻ ഇന്നലെ തീരുമാനമായി.
സംസ്ഥാനം വിമാനത്താവളം ഏറ്റെടുക്കാനുദ്ദേശിച്ച് പ്രത്യേക കമ്പനി (ടിയാൽ) രൂപീകിച്ച് കേന്ദ്രത്തെ സമീപിച്ചിരുന്നു. അനുകൂല നിലപാടുണ്ടാകാതെ വന്നപ്പോൾ, സ്വാകാര്യവത്കരണത്തിനെതിരെ സർക്കാർ ഹൈക്കോതിയെ സമീപിച്ചെങ്കിലും ഹർജി കഴിഞ്ഞ ഡിസംബറിൽ തള്ളി.
ലേലത്തിൽ ഏറ്റവും ഉയർന്ന തുക നൽകിയതുകൊണ്ടാണ് അദാനി ഗ്രൂപ്പിന് വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൈമാറുന്നതെന്ന് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.
സ്വകാര്യവത്‌കരണത്തിലൂടെ ലഭിക്കുന്ന 1070 കോടി എയർപോർട്ട് അതോറിട്ടി മറ്റ് നഗരങ്ങളിലെ വിമാനത്താവള വികസനത്തിനായി വിനിയോഗിക്കും. സ്വകാര്യമേഖലയ്‌ക്ക് കൈമാറുന്നതോടെ യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ലഭിക്കും. വിമാനത്താവളങ്ങളുടെ കാര്യക്ഷമത വർദ്ധിക്കും. 50 വർഷത്തിന് ശേഷം എയർപോർട്ട് അതോറിട്ടി വിമാനത്താവളങ്ങൾ തിരിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു.
രണ്ടാം ഘട്ടം ടെൻഡറിലേക്ക്
രണ്ടാം ഘട്ടത്തിൽ സ്വകാര്യവത്കരണം പ്രഖ്യാപിച്ച വാരണാസി, അമൃത്‌സർ, ഇൻഡോർ, ഭുവനേശ്വർ, റായ‌്‌പൂർ, ട്രിച്ചി വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൈമാറാനുള്ള ടെൻഡർ നടപടികൾ തുടങ്ങിയിട്ടുണ്ട്. കൊവിഡ് പാക്കേജിന്റെ ഭാഗമായി കൂടുതൽ വിമാനത്താവളങ്ങൾ സ്വകാര്യവത്‌കരിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.