ന്യൂഡൽഹി: കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ, റെയിൽവേ, ബാങ്ക് എന്നിവയിൽ റിക്രൂട്ടിംഗിന് ഓൺലൈനായി പൊതു സ്‌ക്രീനിംഗ് പരീക്ഷ നടത്താനുള്ള ദേശീയ റിക്രൂട്ടിംഗ് ഏജൻസിക്ക് (എൻ.ആർ.എ) കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. പത്താം ക്ളാസ്, പ്ളസ് ടു, ബിരുദ യോഗ്യത അടിസ്ഥാനമാക്കി പ്രത്യേകം പരീക്ഷ നടത്തും.
പൊതു പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാകും സ്‌റ്റാഫ് സെലക്‌ഷൻ കമ്മിഷൻ, ആർ.ആർ.ബി, ഐ.ബി.പി.എസ് എന്നിവ അടുത്തഘട്ട പരീക്ഷ നടത്തി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. മറ്റ് റിക്രൂട്ടിംഗ് ഏജൻസികൾക്കും ഇതേ മാതൃക പിന്നീട് ബാധകമാക്കും.
പ്രതിവർഷം മൂന്നു കോടിയോളം ഉദ്യോഗാർത്ഥികൾ വിവിധ പരീക്ഷകൾ എഴുതേണ്ടി വരുന്നത് ഒഴിവാക്കാനും പരീക്ഷാ നടത്തിപ്പ് എളുപ്പമാക്കാനും ചെലവു കുറയ്‌ക്കാനുമാണ് റിക്രൂട്ടിംഗ് ഏജൻസിയെന്ന് കേന്ദ്ര പഴ്സണൽ മന്ത്രാലയം സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ഏജൻസിക്കായി മൂന്നു വർഷത്തേക്ക് 1517.57 കോടി രൂപ വകയിരുത്തി. എസ്.എസ്.സി, ആർ.ആർ.ബി, ഐ.പി.ബി.എസ് എന്നിവയുടെ പ്രതിനിധികൾ അടങ്ങിയതാണ് ഭരണസമിതി. കാബിനറ്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാവും ചെയർമാൻ. ആസ്ഥാനം ഡൽഹി.
എൻ.ആർ.എയുടെ ചുമതല
കേന്ദ്രസർക്കാർ ഗ്രൂപ്പ് ബി, സി തസ്‌തികകളിലേക്കും വിവിധ വകുപ്പുകളിലേക്കും എസ്.എസ്.സി, ആർ.ആർ.ബി, ഐ.ബി.പി.എസ് എന്നിവയ്ക്കും സാങ്കേതികേതര തസ്‌തികകളിലേക്കും സ്‌ക്രീനിംഗ് ടെസ്‌റ്റ് നടത്തുക.
പരീക്ഷാ രീതി
പരീക്ഷയ്‌ക്കായി ഏജൻസിയുടെ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണം
12 ഭാഷകളിൽ നടത്തുന്ന പരീക്ഷയുടെ ഫലം ഉടനറിയാം
വർഷം രണ്ടു പരീക്ഷ. മാർക്കിന്റെ കാലാവധി മൂന്നു വർഷം
പരീക്ഷ വീണ്ടുമെഴുതി മാർക്ക് മെച്ചപ്പെടുത്താം. കൂടിയ മാർക്ക് പരിഗണിക്കും
ഒരു ജില്ലയിൽ ഒരു പരീക്ഷാകേന്ദ്രം. ഉദ്യോഗാർത്ഥികൾ കൂടിയാൽ പരീക്ഷാകേന്ദ്രം കൂട്ടും
ഉദ്യോഗാർത്ഥികളുടെ സംശയങ്ങൾ പരിഹരിക്കാൻ 24/7 ഹെൽപ്‌ലൈൻ
117 പിന്നാക്ക ജില്ലകളെ തിരഞ്ഞെടുത്ത് ഓൺലൈൻ സൗകര്യമൊരുക്കും
ഒ.ബി.സി, പട്ടികജാതി- പട്ടികവർഗം അപേക്ഷകർക്ക് പ്രായപരിധി ഇളവ്
വെബ്‌സൈറ്റിലെ മാർക്ക് സംസ്ഥാന ഏജൻസികൾക്കും ഉപയോഗിക്കാം
മെച്ചം
1. പൊതു പരീക്ഷയ്‌ക്ക് ഒറ്റ ഫീസ്. സിലബസും ഒന്നാണ്
2. പല നഗരങ്ങളിൽ പോയി പരീക്ഷയെഴുതുമ്പോഴുള്ള ചെലവ് കുറയും
3. യാത്ര ഒഴിവാകുന്നത് അംഗപരിമിതർക്കും സ്ത്രീകൾക്കും അനുഗ്രഹം
4. വിവിധ പരീക്ഷകളുടെ തിയതി ഒന്നിച്ചു വരുന്നത് ഒഴിവാകും
5. പരീക്ഷാ നടത്തിപ്പ് ഏകീകരിക്കും, മൂല്യനിർണയം എളുപ്പമാകും