ന്യൂഡൽഹി: പല തരത്തിലുള്ള മോഷണങ്ങൾ കണ്ടും കേട്ടും വായിച്ചിട്ടുമുണ്ട് നമ്മൾ. അവയിലൊക്കെ മനുഷ്യരാണ് കൊള്ളക്കാരെങ്കിൽ ഒരു കൂട്ടം വാനരന്മാരുടെ ആക്രമണത്തിൽ സർവവും നശിച്ച് തെരുവിലിറങ്ങേണ്ട ഗതികേടിലാണ് നിർദ്ധനയും നിരാലംബയുമായ ഒരു വൃദ്ധ. തമിഴ്‌നാട്ടിലെ തിരുവായൂരിലാണ് സംഭവം. വനാതിർത്തിയിൽ കുടിൽ കെട്ടി ഏകായായി താമസിക്കുന്ന എഴുപതുകാരി ശാരദാംബാളിന്റെ ആകെയുളള സമ്പാദ്യങ്ങളാണ് വാനരസംഘം കൊണ്ടുപോയത്.
ശാരദാംബാൾ തുണിയലക്കാൻ പുറത്തിറങ്ങിയ സമയത്താണ് വാനരസേന അകത്ത് കയറിയത്. കുടിലിൽ സൂക്ഷിച്ചിരുന്ന പഴങ്ങളും അരിബാഗുമായാണ് കുരങ്ങന്മാർ പുറത്തുകടന്നത്. സ്വർണാഭരണമുൾപ്പെടെ അവശേഷിക്കുന്ന സമ്പാദ്യമെല്ലാം ആ അരിബാഗിലായിരുന്നു.
കുരങ്ങന്മാരുടെ പിന്നാലെ ഓടിയെങ്കിലും ആഭരണങ്ങളും പണമായി സൂക്ഷിച്ചിരുന്ന 25,000 രൂപയും തിരിച്ചുകിട്ടിയില്ല. കുരങ്ങന്മാരെ പലതും കാണിച്ച് നാട്ടുകാർ പ്രലോഭിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. കൊള്ളക്കാരനായ വാനരസേന വനത്തിനുള്ളിലേക്ക് മറഞ്ഞു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് വേണ്ടിയാണ് പണം സൂക്ഷിച്ചിരുന്നത്. കുരങ്ങന്മാരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു.