ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിട്ട് സുപ്രീംകോടതി. സി.ബി.ഐ. അന്വേഷണത്തിനെതിരെ സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ബീഹാർ സർക്കാരിന്റെ ശുപാർശ ജസ്റ്റിസ് ഋഷികേശ് റോയ് ശരിവച്ചത്.
സുശാന്തിന്റെ മരണവുമായി സംബന്ധിച്ച എല്ലാ രേഖകളും തെളിവുകളും സി.ബി.ഐക്ക് കൈമാറാൻ മഹാരാഷ്ട്ര സർക്കാരിന് കോടതി നിർദേശം നൽകി. മുംബൈ പൊലീസ് സി.ബി.ഐക്ക് വേണ്ട സഹായങ്ങൾ ചെയ്ത് നൽകണം.സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബിഹാർ പൊലീസിനും മുംബയ് പൊലീസിനും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനുള്ള അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ആവശ്യമെങ്കിൽ സി.ബി.ഐയ്ക്ക് പുതിയ കേസ് രജിസ്റ്റർ ചെയ്യാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സുശാന്തിന്റെ പിതാവ് നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ബീഹാർ പൊലീസിന്റെ നടപടി നിയമപരമാണെന്ന് ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.
ബീഹാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കേസ് സി.ബി.ഐക്ക് വിടണമെന്ന് ബീഹാർ സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിക്കുകയായിരുന്നു. ജൂൺ 14നാണ് സുശാന്ത് സിംഗിനെ ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ സ്വജനപക്ഷപാത ആരോപണങ്ങളിൽ പ്രമുഖ താരങ്ങൾക്കെതിരെ സൈബറാക്രമണം നടന്നിരുന്നു. സുശാന്തിന്റെ മരണത്തിന് പിന്നിൽ കാമുകിയായ റിയ ചക്രവർത്തിയാണെന്നാണ് സുശാന്തിന്റെ കുടുംബം ആരോപിക്കുന്നത്. സുശാന്തിനെ നടി റിയയും കുടുംബവും വഞ്ചിച്ചതായും മാനസികമായി പീഡിപ്പിച്ചതായും പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സുശാന്തിന്റെ അക്കൗണ്ടിൽനിന്ന് കോടികൾ തട്ടിയെടുത്തതായും പരാതിയിൽ പറഞ്ഞിരുന്നു. പരാതിയിൽ ബീഹാർ പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയും, ബീഹാർ സർക്കാർ സി.ബി.ഐ. അന്വേഷണത്തിനായി ശുപാർശ ചെയ്യുകയുമായിരുന്നു.
സ്വാഗതം ചെയ്ത് കുടുംബം
ഒടുവിൽ അത് സംഭവിച്ചു. ഒപ്പം നിന്ന എല്ലാവർക്കും നന്ദി സി.ബി.ഐക്ക് വിട്ട സുപ്രീംകോടതി നടപടിയോടുള്ള സുശാന്ത് സിംഗ് രജ്പുത്തിന്റെ സഹോദരി മീട്ടു സിംഗിന്റെ ആദ്യപ്രതികരണം ഇങ്ങനെയായിരുന്നു. സുശാന്തിന്റെ കുടുംബത്തിന്റെ വിജയമെന്ന് കുടുംബവക്കീൽ വികാസ് സിംഗ് പ്രതികരിച്ചു. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ബിഹാർ ഡിജിപി ഗുപ്‌തേശ്വർ പാണ്ഡെ വിധിയെ സ്വാഗതം ചെയ്തു. ബിഹാർ പൊലീസ് ശരിയായിരുന്നുവെന്ന് വിധിയിലൂടെ തെളിഞ്ഞുവെന്നും, മുംബൈ പൊലീസിന്റെ പ്രവർത്തികൾ നിയമവിരുദ്ധമായിരുന്നുവെന്നും ഗുപ്‌തേശ്വർ പാണ്ഡെ പറഞ്ഞു. വിധിയുടെ പകർപ്പ് കിട്ടിയ ശേഷം അടുത്ത നടപടി തീരുമാനിക്കുമെന്നായിരുന്നു മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിംഗിന്റെ പ്രതികരണം. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, കങ്കണ റണൗത്, നാനാ പടേക്കർ, അനുപം ഖേർ, മുൻ പെൺ സുഹൃത്തും നടിയുമായ അങ്കിത ലൊഖാണ്ഡേ തുടങ്ങിയവരും വിധിയെ സ്വാഗതം ചെയ്തു.
സുശാന്ത് കേസിൽ മഹാരാഷ്ട്ര ഉറങ്ങുകയായിരുന്നു:
വിമർശനവുമായി സംബിത് പത്ര
ന്യൂഡൽഹി:സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തിൽ മഹാരാഷ്ട്ര സർക്കാറിനെതിരെ വിമർശനവുമായി ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര. മഹാരാഷ്ട്ര സർക്കാർ ഇതുവരെ ഉറങ്ങുകയായിരുന്നുവെന്ന് സംബിത് പത്ര പറഞ്ഞു.
'മഹാരാഷ്ട്ര സർക്കാർ ഇതുവരെ ഉറങ്ങുകയായിരുന്നു. പിന്നീട് സഞ്ജയ് റാവുത്ത് സുശാന്തിന്റെ കുടുംബത്തെ കുറ്റപ്പെടുത്തി. ഇപ്പോൾ സർക്കാർ കരയുകയാണ്. മഹാരാഷ്ട്ര സർക്കാർ അധികാരത്തിൽ നിന്ന് ഇല്ലാതാകുമെന്ന വാർത്തയും നമുക്ക് ഉടൻ കേൾക്കാം' -സംബിത് പത്ര ട്വീറ്റ് ചെയ്തു. കേസ് സി.ബി.ഐയ്ക്ക് വിട്ടതിനെ നേരത്തെ സംബിത് പത്ര സ്വാഗതം ചെയ്തിരുന്നു. സത്യം തെളിയുക തന്നെ ചെയ്യുമെന്നും കേസിന്റെ ചുരുളഴിയാൻ പോവുകയാണെന്നും പത്ര പറഞ്ഞു.