ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 28 ലക്ഷം പിന്നിട്ടു. ആകെ മരണം 54000ത്തിലേക്ക് അടുത്തു. പ്രതിദിന രോഗികൾ വീണ്ടും 65000 കടന്നു. ചൊവ്വാഴ്ച 65024 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1099 പേർ കൂടി മരിച്ചു. തിങ്കളാഴ്ച 54298 പേർക്കും ഞായറാഴ്ച 58096 പേർക്കുമായിരുന്നു രോഗബാധ. തുടർച്ചയായ രണ്ടാംദിവസവും എട്ടുലക്ഷത്തിലേറെ പരിശോധനകൾ നടന്നു.
കർണാടകയിലെ ചാമരാജ്നഗറിലെ മുൻ ബി.ജെ.പി എം.എൽ.എ സി.ഗുരുസാമി കൊവിഡ് ബാധിച്ച് മരിച്ചു. 68 വയസായിരുന്നു. ആഗസ്റ്റ് 5നായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. മൈസുരുവിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയ്ക്കിടെ ഹൃദയാഘാതമുണ്ടായി.
യു.പി മന്ത്രി അതുൽഗാർഗുമായി സമ്പർക്കത്തിൽ വന്ന കേന്ദ്രസഹമന്ത്രി സഞ്ജീവ ബല്യാൻ നിരീക്ഷണത്തിൽ പോയി.
രോഗബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്ന ആന്ധ്രയിൽ 9742 പുതിയ രോഗികളും 86 മരണവും കൂടി.
രാജസ്ഥാനിൽ കൊവിഡ് കേസുകളുയരുന്നതിൽ ഗവർണർ കൽരാജ് മിശ്ര ആശങ്കയറിയിച്ചു.
തെലങ്കാനയിൽ 1763,ഒഡിഷയിൽ 2589 പുതിയ രോഗികൾ.
ഡൽഹിയിൽ 1398 പുതിയ രോഗികളും 9 മരണവും
മേഘാലയയിൽ 17 ബി.എസ്.എഫ് ജവാൻമാർക്ക് കൊവിഡ്
മഹാരാഷ്ട്രയിൽ കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21000 കടന്നു. പ്രതിദിന രോഗികളുടെ എണ്ണം ഇതാദ്യമായി 13000 പിന്നിട്ടു. 13615 പുതിയ രോഗികളും 346 മരണവുമാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
തമിഴ്നാട്ടിൽ 5795 പുതിയ രോഗികളും 116 മരണവും.
ഉത്തർപ്രദേശിൽ 5076 പേർക്ക് കൂടി രോഗബാധ. 53 മരണവും.
പഞ്ചാബിൽ 1693 പുതിയ രോഗികളും 24 മരണവും
കൊവിഡ് വാക്സിൻ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒരുങ്ങി. രാജ്യത്തെ 17 ഇടങ്ങളിലായി 18നും അതിന് മുകളിലും പ്രായമുള്ള 1600 പേരിലാണ് പരീക്ഷണം.
ഡൽഹിയിൽ ഹോട്ടലുകൾ തുറക്കാൻ അനുമതി
രോഗമുക്തർ 20 ലക്ഷം
രാജ്യത്ത് കൊവിഡ് രോഗമുക്തരുടെ എണ്ണം 20 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 60,091 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന രോഗമുക്തിയാണിത്. ആകെ കൊവിഡ് ഭേദമായവരുടെ എണ്ണം 20,37,870 പിന്നിട്ടു. രോഗമുക്തി നിരക്ക് 73.64 ശതമാനം. മരണനിരക്ക് 1.91 ശതമാനമായും കുറഞ്ഞു. ആകെ രോഗം സ്ഥിരീകരിച്ചവരിൽ 24.45 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
എസ്.പി.ബിയുടെ നില ഗുരുതരം
കൊവിഡ് ബാധിച്ച പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിൻറെ നില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈയിലെ എം.ജി.എം ഹെൽത്ത് കെയർ ആശുപത്രിയിൽ ചികിത്സയിലുള്ള 74കാരനായ അദ്ദേഹം വെൻറിലേറ്ററിൽ തന്നെയാണുള്ളത്.