ന്യൂഡൽഹി: മണിപ്പൂർ കോൺഗ്രസിൽ നിന്ന് രാജിവച്ച അഞ്ച് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. ഇന്നലെ ഡൽഹിയിൽ ബി.ജെ.പി ആസ്ഥാനത്ത് ദേശീയ ജനറൽ സെക്രട്ടറി റാം മാധവിന്റെയും ദേശീയ വൈസ് പ്രസിഡന്റ് ബൈയന്ത് പാണ്ഡെയുടെയും സാന്നിധ്യത്തിലാണ് അഞ്ചുപേർ പാർട്ടി അംഗത്വമെടുത്തത്. മുൻ മുഖ്യമന്ത്രിയും മണിപ്പൂർ പ്രതിപക്ഷ നേതാവുമായ ഒക്രം ഇബോബി സിംഗിന്റെ മരുമകൻ ഒക്രം ഹെൻറി സിംഗും ഇക്കൂട്ടത്തിലുണ്ട്.
ബി.ജെ.പി നേതൃത്വത്തിലുള്ള എൻ. ബിരേൻ സിംഗ് സർക്കാരിനെതിരെ ആഗസ്‌റ്റ് 10ന് കോൺഗ്രസ് കൊണ്ടുവന്ന വിശ്വാസവോട്ടെടുപ്പിൽ നിന്ന് പാർട്ടി വിപ്പ് ലംഘിച്ച് എട്ട് എം.എൽ.എമാർ വിട്ടു നിന്നിരുന്നു. ഇതിൽ ആറുപേർ പിന്നീട് കോൺഗ്രസിൽ നിന്ന് രാജിവച്ചു. 60 അംഗ നിയമസഭയിൽ 28 സീറ്റുലഭിച്ച് ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസിനെ മറികടന്നാണ് പ്രാദേശിക കക്ഷികളുടെ സഹായത്തോടെ ബി.ജെ.പി ഭരണം പിടിച്ചത്.