ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഇന്നലെ പുലർച്ച മുതൽ ആരംഭിച്ച കനത്തമഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വാഹന ഗതാഗതം സ്തംഭിച്ചു. നോയിഡയിൽ പഴയ കെട്ടിടം തകർന്നുവീണു.
പ്രഹ്ലാദ്പൂർ അണ്ടർപാസിൽ വെളളം കയറിയതോടെ ഇത് വഴിയുള്ള യാത്ര നിറുത്തിവച്ചു. ലിബർട്ടി സിനിമ മുതൽ പഞ്ചാബി ബാഗ് വരെയുളള പ്രദേശത്ത് റോഡിൽ വെള്ളം കയറി ഗതാഗതക്കുരുക്ക് രൂക്ഷമായി. ഹീറോ ഹോണ്ട ചൗക്കിന് സമീപമുള്ള ദേശീയ പാത മുഴുവനായി വെള്ളത്തിൽ മുങ്ങി. ഇതോടെ സർവീസ് റോഡുകളിലും വെള്ളം കയറുന്ന അവസ്ഥയുണ്ടായി. പലയിടങ്ങളിലും വാഹനങ്ങൾ മുങ്ങി. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുങ്ങിയവരെ രക്ഷിക്കാൻ ബോട്ടുകൾ വിന്യസിച്ചു. ഡൽഹിയോട് ചേർന്ന് കിടക്കുന്ന ഗുരുഗ്രാമിലും ഗതാഗത കുരുക്കുണ്ടായി. ഡൽഹിയുടെ വിവിധ ഭാഗങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. സാകേതിൽ മതിൽ തകർന്നുവീണ് സമീപം പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. ഗുഡ്ഗാവ്, ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളിലും കനത്തമഴയാണ് പെയ്യുന്നത്.
പെട്ടെന്നുണ്ടായ മഴ അന്തരീക്ഷ താപനില കുറയാൻ കാരണമായി. ദിവസങ്ങളായി കൊടും ചൂടിൽ ബുദ്ധിമുട്ടുന്ന പ്രദേശവാസികൾക്ക് ഇത് ആശ്വാസം പകർന്നു.അടുത്ത 24 മണിക്കൂറിനുള്ളിൽ ഒഡീഷ, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബീഹാർ, ഹിമാചൽ പ്രദേശ്, കർണാടക, കേരളം എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനമുണ്ട്.