ന്യൂഡൽഹി: കൊവിഡ് വ്യാപനം കണക്കിലെടുത്ത് എംപിമാർക്ക് ഓൺലൈനിൽ പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരം നൽകണമെന്ന് ലോക്സഭയിലെ കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ട് സ്പീക്കർ ഓംബിർളയ്ക്ക് കത്തു നൽകി. പാർലമെന്റിൽ എത്താൻകഴിയാത്തവർക്ക് സുപ്രീംകോടതിയിലും മറ്റും പിന്തുടരുന്ന ഓൺലൈൻ മാതൃകയിൽ ചർച്ചകളിലും മറ്റും പങ്കെടുക്കാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരും സഭയിൽ നേരിട്ടെത്തുക അപ്രായോഗികമാണെന്നും അദ്ദേഹം പറഞ്ഞു.
ആറുമാസത്തെ ഇടവേളയെന്ന ചട്ടം പാലിക്കാൻ സെപ്തംബർ 24ന് മുൻപ് പാർലമെന്റ് സമ്മേളിക്കേണ്ടതുണ്ട്. അതിനാൽ എംപിമാരെ സമൂഹ അകലം പാലിച്ച് പലയിടത്തായി ഇരുത്തി മഴക്കാല സമ്മേളനം നടത്താനാണ് ആലോചന.