ന്യൂഡൽഹി: ലോക്ക് ഡൗൺ മൂലം അടച്ചിട്ട സിനിമാ തിയേറ്ററുകൾ അടുത്തമാസം തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയേക്കും. ഒന്നിടവിട്ട നിരകളിൽ ഇടവിട്ട് ഇരിക്കാൻ അനുവദിക്കും. തിയേറ്ററുകൾ മാത്രമുള്ള സമുച്ചയങ്ങൾക്കാവും ആദ്യ ഘട്ടത്തിൽ അനുമതി. മാളുകളിലെ മൾട്ടിപ്ലക്‌സുകൾക്ക് ഉടൻ അനുമതി ലഭിക്കില്ല.
അൺ ലോക്ക് നാലിൽ സിനിമ ഹാളുകൾ തുറക്കാൻ അനുവദിക്കണമെന്ന് ഉന്നതാധികാര സമിതി ശുപാർശ നൽകിയതോടെയാണിത്. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും തിയേറ്ററുകൾ തുറക്കാൻ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങളുടെ താത്പര്യം അറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
നിർദ്ദേശങ്ങൾ
രണ്ടു ബുക്കിംഗുകൾക്കിടയിൽ മൂന്ന് സീറ്റുകൾ ഒഴിച്ചിടണം. ഒരു കുടുംബത്തിലെ ആളുകൾക്ക് അടുത്തടുത്തിരിക്കാം. ഓൺലൈൻ ടിക്കറ്റുകൾ മാത്രമേ അനുവദിക്കൂ. മാസ്‌ക് നിർബന്ധം. എ.സി 24 ഡിഗ്രിയിൽ പ്രവർത്തിപ്പിക്കണം. വ്യക്തിശുചിത്വം പാലിക്കുന്നതടക്കം സന്ദേശങ്ങൾ പ്രദർശിപ്പിക്കണം. ഓരോ ഷോയ്ക്കു ശേഷവും തിയേറ്ററുകൾ അണുവിമുക്തമാക്കണം.