ladakh

ന്യൂഡൽഹി: പാകിസ്ഥാനുമായും ചൈനയുമായും അതിർത്തി പങ്കിടുന്ന ലഡാക്കിൽ സൈനിക-ചരക്കു നീക്കത്തിന് മനാലിയിൽനിന്ന് ലേയിലേക്ക് സുരക്ഷിതമായ ബദൽ റോഡ് നിർമ്മിക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. ലേ-ലഡാക് ഹൈവേ പാക് സൈന്യത്തിന്റെ നിരീക്ഷണ പരിധിയിലായതിനാലാണിത്. വടക്കൻ ലഡാക്കിലെ തന്ത്രപ്രധാന വ്യോമതാവളമായ ദൗലത് ബേഗ് ഓൾഡി അടക്കമുള്ള മേഖലകളെ ബന്ധിപ്പിക്കുന്ന മറ്റൊരുപാതയും ഉടൻ നിർമ്മിക്കും.

നിമു, പദാം, ദാർച്ച വഴിയാണ് മനാലിയിൽ നിന്ന് ലേയിലേക്ക് പുതിയ റോഡ് നിർമ്മിക്കുന്നത്. ഇതുവഴി ശ്രീനഗറിൽ നിന്ന് സോജി പാസ് വഴിയും മനാലിയിൽ നിന്ന് സാർച്ചു പാസ് വഴിയുമുള്ള നിലവിലെ റോഡിനെക്കാൾ നാലുമണിക്കൂറോളം സമയലാഭിക്കാം. പാക് റേഞ്ചർമാരുടെ കണ്ണുവെട്ടിച്ച് സൈനിക നീക്കവും സാധനങ്ങളും കൊണ്ടുപോകാമെന്നതാണ് വലിയ നേട്ടം. സോജിലാപാസ് വഴിയുള്ള നിലവിലെ റോഡിലെ ഗതാഗതം കാർഗിൽ യുദ്ധസമയത്ത് തടസപ്പെട്ടിരുന്നു. മനാലിയിൽ നിന്ന് തുടങ്ങുന്ന പുതിയ റോഡ് എത്തിച്ചേരുക ലേയിൽ പ്രധാനമന്ത്രി കഴിഞ്ഞ മാസം സൈനികരെ അഭിവാദ്യം ചെയ്‌‌ത നിമുവിനടുത്താണ്.

വടക്കൻ ലഡാക്കിൽ നേരത്തെ വേനൽക്കാലത്ത് ഉപയോഗിച്ചിരുന്ന റോഡ് നന്നാക്കിയെടുത്ത് ദൗലത് ബേഗ് ഓൾഡി അടക്കമുള്ള മേഖലകളിലേക്ക് കൂടുതൽ യാത്രാ സൗകര്യം ഒരുക്കാനാണ് നീക്കം. ലേയിൽ നിന്ന് കർദുംഗാ പാസ് വഴി സസോമാ, സാസർ പാസ്, ലാ ഷിയോക്, ദൗലത് ബേഗ് ഓൾഡി മേഖലകളിലൂടെ പുതിയ റോഡ് നിർമ്മിക്കാനാണ് പദ്ധതി. നിലവിൽ സാസർ പാസിന് അപ്പുറത്തേക്ക് വാഹനങ്ങൾക്ക് പോകാൻ സൗകര്യമില്ല. ഈ റോഡിന്റെ സാദ്ധ്യതകൾ പരിശോധിക്കാൻ ലേയിലെ 14-ാം കോർപ്‌സിന് നിർദ്ദേശം നൽകിയിട്ടുണ്ട്.