ന്യൂഡൽഹി: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്രാജിന്റെ (90) സംസ്കാരം ഇന്ന് മുംബൈയിലെ വിലേ പാർലേ ശ്മാശാനത്തിൽ സംസ്കാരിക്കും. ഇന്ന് അന്ധേരി വെസ്റ്റിലെ വെർസോവ വീട്ടിൽ പൊതുദർശനത്തിന് ശേഷമാകും സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെ വിലേ പാർലേ ശ്മാശാനത്തിലെ പവൻ ഹാൻസ് ക്രിമിറ്റോറിയത്തിലാകും ചടങ്ങുകൾ നടക്കുക. വൈകിട്ട് 4.30ഓടെ പൊലീസ് അകമ്പടിയിൽ ഭൗതീകശരീരം ശ്മശാനത്തിലേക്കെത്തിക്കും. അഞ്ച് മണിയോടെ സംസ്കാരം നടക്കും.
വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലിലൂടെ മൃതദേഹം പ്രത്യേക വിമാനത്തിൽ ചൊവ്വാഴ്ചയാണ് ഇന്ത്യയിലെത്തിച്ചത്. സംഗീതപരിപാടികൾക്കായി അമേരിക്കയിൽ പോയ പണ്ഡിറ്റ് ജസ്രാജ് കൊവിഡ് നിയന്ത്രണം കാരണം അവിടെ തങ്ങി.
തിങ്കളാഴ്ചയാണ് ഹൃദയാഘാതം കാരണം അദ്ദേഹം മരിച്ചത്. ജസ്രാജിന്റെ മരണ വിവരം മകൾ ദുർഗാ ജസ് രാജാണ് അറിയിച്ചത്. പദ്മവിഭൂഷൺ, പദ്മഭൂഷൺ, പദ്മശ്രീ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സംഗീത നാടക അക്കാദമി അവാർഡ്, സംഗീത കലാരത്ന, മാസ്റ്റർ ദീനാഘോഷ് മംഗേഷ്കർ പുരസ്കാരം, സ്വാതി സംഗീത പുരസ്കാരം, സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്, മാർവാർ സംഗീത് രത്ന അവാർഡ്, ഭാരത് മുനി സമ്മാൻ എന്നിവയും ലഭിച്ചിട്ടുണ്ട്.