priyanka-gandhi

ന്യൂഡൽഹി: ഗാന്ധി കുടുംബത്തിന് വെളിയിൽ നിന്നുള്ള ഒരാൾ പാർട്ടിയെ നയിച്ചാലും അംഗീകരിക്കുമെന്ന പ്രിയങ്കാഗാന്ധിയുടെ പ്രസ്‌താവന കോൺഗ്രസിനെ വെട്ടിലാക്കി. രാഹുൽ വീണ്ടും അദ്ധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കെ ഒരു വർഷം മുമ്പ് പ്രദീപ് ചിബ്ബാറും ഹർഷ് ഷായും രചിച്ച 'ടുമാറോ കോൺവർസേഷൻസ് വിത്ത് ദി നെക്‌സ്റ്റ് ജനറേഷൻ ഒഫ് പൊളിറ്റിക്കൽ ലീഡേഴ്സ് എന്ന പുസ്തകത്തിന് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക നടത്തിയ അഭിപ്രായ പ്രകടനമാണ് പാർട്ടിയ്ക്ക് വിനയായിരിക്കുന്നത്.

അദ്ധ്യക്ഷ പദവി രാജി വച്ച രാഹുലിന്റെ അഭിപ്രായത്തെ പിന്താങ്ങുന്നുവെന്നും ഗാന്ധി കുടുംബത്തിന് വെളിയിൽ നിന്ന് ഒരാൾ വന്നാലും താൻ അംഗീകരിക്കുന്നുവെന്നുമാണ് പ്രിയങ്ക പറഞ്ഞത്. പുതിയ ബോസ് നൽകുന്ന ഏത് ചുമതലയും നിർവഹിക്കാൻ ഒരുക്കമാണ്. ഇത്തരം കാര്യങ്ങളിൽ പാർട്ടിക്ക് സ്വന്തം നിലപാട് വേണം. ബി.ജെ.പിയുമായി മത്സരിക്കുമ്പോൾ നവമാദ്ധ്യമ സംസ്‌കാരം കോൺഗ്രസ് ഉൾക്കൊള്ളുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.

ഒരു വർഷം മുമ്പ് നടന്ന അഭിമുഖത്തെ അടിസ്ഥാനമാക്കി ഇപ്പോൾ പ്രത്യക്ഷപ്പെട്ട മാദ്ധ്യമ വാർത്തകൾ ബി.ജെ.പി അടവച്ച് വിരിയിക്കുന്നതാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഗാന്ധി കുടുംബത്തിന് അധികാര കൊതിയില്ലെന്നും ഒന്നാം യു.പി.എയിൽ സോണിയ പ്രധാനമന്ത്രി പദം വേണ്ടെന്നു വച്ചതും രണ്ടാം യു.പി.എയുടെ അവസാന കാലത്ത് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിംഗ് രാജിക്ക് സന്നദ്ധത അറിയിച്ചപ്പോൾ രാഹുൽ വേണ്ടെന്നു പറഞ്ഞതും മറക്കരുതെന്നും പാർട്ടി വക്താവ് ശക്തിസിംഗ് കോവിൽ ചൂണ്ടിക്കാട്ടി.