രാജാവ് നഗ്നനാണെന്ന് വിളിച്ച് പറയുമ്പോൾ തലയരിഞ്ഞ് കളഞ്ഞ കഥ ഇന്നും പുതുമ നശിക്കാതെ തുടരുന്നു. രാജ്യത്ത് നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായം പറയാനുള്ള മൗലികാവകാശം ജനങ്ങൾക്കില്ലേ? അഭിപ്രായം ഹിതമല്ലെങ്കിൽ അലക്ഷ്യമായി മാറുമോ? രാജ്യത്ത് ഇന്ന് ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ച പ്രശാന്ത് ഭൂഷൺ കോടതി അലക്ഷ്യ കേസിനെക്കുറിച്ച് അറിയുന്ന ഏത് സാധാരണക്കാരനുമുണ്ടാകുന്ന സംശയം.
വിശ്വവിഖ്യാതമായ
'ആ" വിവാദ ട്വീറ്റുകൾ
(1) ''പൗരന്മാർക്ക് നീതി കിട്ടാനുള്ള സൗകര്യം നിഷേധിച്ചുകൊണ്ട് സുപ്രീം കോടതിയെ ലോക്ക്ഡൗണിലാക്കിയ ശേഷം ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ബി.ജെ.പി നേതാവിന്റെ ഉടമസ്ഥതയിലുള്ള 50 ലക്ഷം രൂപ വിലയുള്ള ഒരു മോട്ടോർ സൈക്കിൾ മാസ്കോ ഹെൽമറ്റോ ഇല്ലാതെ ഓടിക്കുന്നു.'' ( ജൂൺ 29ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഹാർളി ഡേവിഡ്സൺ ആഢംബര ബൈക്കിലിരുന്ന ചിത്രം പുറത്ത് വന്നതിനെക്കുറിച്ചുള്ള പ്രതികരണം)
(2) ''ഭാവിയിൽ ചരിത്രകാരന്മാർ ഇക്കഴിഞ്ഞ ആറു വർഷത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഇന്ത്യയിൽ ഔപചാരിക അടിയന്തരാവസ്ഥ ഇല്ലാതെ തന്നെ ജനാധിപത്യം തകർക്കപ്പെട്ടതെങ്ങിനെയെന്ന് അവർ കാണും. ആ തകർച്ചയിൽ സുപ്രീം കോടതിയുടെ പങ്ക്, പ്രത്യേകിച്ച് ഈ കാലയളവിലെ ഏറ്റവും അവസാനത്തെ നാല് ചീഫ് ജസ്റ്റിസുമാരുടെ പങ്ക് അവർ അടയാളപ്പെടുത്തും. "" ( ജൂൺ 27 - വിധിന്യായങ്ങളിലെ അന്യായങ്ങളെക്കുറിച്ചുള്ള ട്വീറ്റ്)
രാജ്യത്തെ പരമോന്നത നീതിപീഠത്തിലിരിക്കുന്നവരെ വിമർശിച്ചതാണ് ഭൂഷണിനെതിരെ അലക്ഷ്യമുണ്ടാകാൻ കാരണം. ''ജനങ്ങളുടെ വിശ്വാസമാണ് നീതിന്യായ വ്യവസ്ഥയുടെ അടിത്തറയെന്നും അതിളക്കുന്ന ദുഷ്പ്രചാരണമാണ് പ്രശാന്ത് ഭൂഷൺ നടത്തിയതെന്നുമാണ് സുപ്രീംകോടതി വിധിച്ചത്. ഇത്തരം ചെളിവാരിയെറിയലുകൾ പ്രതിരോധിച്ചില്ലെങ്കിൽ സാധാരണക്കാർക്കും നിയമമേഖലയിലുള്ളവർക്കും സുപ്രീംകോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടും.""മെന്നും ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വിധിച്ചു. മാപ്പ് പറഞ്ഞാൽ ശിക്ഷയിൽ നിന്ന് ഇളവ് ചെയ്യാമെന്ന് കോടതി അറിയിച്ചെങ്കിലും 'മാപ്പ് പറയില്ല; ദയ യാചിക്കില്ല", പ്രശാന്ത് ഭൂഷൺ ഉറച്ചു നിന്നു.
ആരാണ് പ്രശാന്ത് ഭൂഷൺ ?
1956 ഒക്ടോബർ 15 നാണ് പ്രശാന്ത് ഭൂഷന്റെ ജനനം. ഐ.ഐ.ടി മദ്രാസ്, അമേരിക്കയിലെ പ്രിൻസ്ടൺ യൂണിവേഴ്സിറ്റി, അലഹബാദ് സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് പഠനം . മുൻ കേന്ദ്രമന്ത്രിയും പൊതുപ്രവർത്തകനുമായ അച്ഛൻ ശാന്തിഭൂഷണിന്റെ ജീവിത വഴികളിൽ ആകൃഷ്ടനായി പ്രശാന്ത് പൊതുപ്രവർത്തനം ആരംഭിച്ചു. നീതി നിഷേധിക്കപ്പെടുന്ന വിഭാഗങ്ങൾക്ക് നിയമപരവും അല്ലാത്തതുമായ സഹായങ്ങളെത്തിക്കാൻ വേണ്ടി മാത്രമുള്ള ജീവിതംഭോപ്പാൽ ദുരന്തത്തിന്റെ ഇരകൾക്ക് യൂണിയൻ കാർബൈഡ് കമ്പനിയിൽ നിന്നും നഷ്ടപരിഹാരം വാങ്ങിയെടുക്കുന്നതിന് വേണ്ടി, സർദാർ സരോവർ അണക്കെട്ട് പദ്ധതിയുടെ ഭാഗമായി കുടിയൊഴിയേണ്ടി വന്ന നർമദയുടെ തീരത്തെ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിക്കാനുള്ള അവകാശങ്ങൾക്ക് വേണ്ടി, കൂടങ്കുളം ആണവ റിയാക്ടർ പദ്ധതിക്കെതിരായി പോരാടിയ തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി, കേരളത്തിലെ പ്ലാച്ചിമടയിൽ ജനങ്ങളുടെ കുടിവെള്ളം ഊറ്റിയെടുത്ത് പ്രദേശത്ത് മാലിന്യം കലർത്തിയ ബഹുരാഷ്ട്ര ഭീമൻ കൊക്കോക്കോള കമ്പനിക്കെതിരെ, ഇന്ത്യയുടെ ചുവപ്പൻ ഇടനാഴികളിൽ മാവോയിസ്റ്റ് വേട്ടയുടെ പേരിൽ ഭരണകൂടത്താൽ വേട്ടയാടപ്പെട്ട ആദിവാസികളുടെ മനുഷ്യാവകാശങ്ങൾക്കായി, എല്ലാം കോടതികളിൽ ശബ്ദമുയർത്താൻ പ്രശാന്ത് ഭൂഷൺ ഉണ്ടായിരുന്നു. എണ്ണിയാലൊടുങ്ങാത്തത്ര പൊതുതാത്പര്യ ഹർജികളിലും അദ്ദേഹം നിയമപോരാട്ടങ്ങൾ നടത്തിവരുന്നുണ്ട്.
കളങ്കമായിരുന്നില്ലേ അതൊക്കെ!
സുപ്രീംകോടതി എന്ന മഹത്തായ സ്ഥാപനത്തിന്റെ അന്തസ് തന്നെ പ്രശാന്ത് ഭൂഷന്റെ ഈ രണ്ട് ട്വീറ്റിൽ വെന്ത് വെണ്ണീറാകുമെന്നും ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ അന്തസും ആദരവും കെടുത്തുമെന്നുമാണ് ജസ്റ്റിസുമാരായ അരുൺ മിശ്ര, ബി.ആർ. ഗവായ്, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടുന്നത്. അപ്പോൾ ജഡ്ജിമാരെ വിമർശിക്കുന്നത് കോടതി അലക്ഷ്യമാകുമെങ്കിൽ 2018ൽ അന്നത്തെ ചീഫ് ജസ്റ്റിസിനെതിരെ നാല് സുപ്രീം കോടതി ജഡ്ജിമാർ നടത്തിയ പത്രസമ്മേളനം എങ്ങിനെയാണ് വിലയിരുത്തപ്പെടുക? എന്തേ അന്ന് അടിയന്തര കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്യപ്പെട്ടില്ല. വിചാരണയും ശിക്ഷവിധിക്കലുമുണ്ടായില്ല. ജനാധിപത്യം താങ്ങിനിർത്തുന്ന നാല് സ്തംഭങ്ങളിൽ കരുത്തേറെയുള്ളതും ജനങ്ങൾ ഏറ്റവും വിശ്വസിക്കുന്നതും ജുഡീഷ്യറിയിൽ തന്നെയാണെന്ന് നിസംശയം പറയാം. എന്നാൽ വിരമിച്ചതിന്റെ ചൂട് മാറും മുൻപ് ഭരണപ്പാർട്ടി വച്ചുനീട്ടിയ സ്ഥാനമാനങ്ങളിൽ കൂപ്പ് കുത്തിവീണ മുൻ ചീഫ് ജസ്റ്റിസിനെ എങ്ങനെ ന്യായീകരിക്കും. ആ നിയമനങ്ങൾ സുപ്രീംകോടതിയുടെ അന്തസും വിശ്വാസ്യതയും ആകാശങ്ങളിലേക്കെത്തിച്ചെന്ന് ആരെങ്കിലും കരുതുന്നോണ്ടെയെന്നറിയില്ല.
അടിയന്തര പ്രാധാന്യത്തിന്റെ
അളവ്കോൽ എന്ത് !
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ആശങ്കകളിൽ ജീവിതം മുന്നോട്ട് നീക്കുന്ന, തുടച്ചുമാറ്റത്തിലേക്ക് കാൽവയ്ക്കാനൊരുന്ന ജനത, 'സ്വാതന്ത്ര്യം' നൽകി ഒരു വർഷം പിന്നിട്ടിട്ടും തടവിലാക്കപ്പെട്ട ജമ്മു കാശ്മീരിലെ ജനതയുടെ വിലാപങ്ങൾ, തൊഴിലും നീതിയും തേടിയുള്ള ഹർജികൾ, ലോക്ക് ഡൗണിൽ ജീവനും ജീവിതോപാധിയും നഷ്ടപ്പെട്ട കുടിയേറ്റത്തൊഴിലാളികൾ, ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട ശബരിമല യുവതി പ്രവേശനം അങ്ങനെ അടിയന്തര തീർപ്പിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഹർജികൾ കുംഭകർണ സേവ നടത്തുമ്പോൾ 600 വാക്കിൽ താഴെ മാത്രമുള്ള രണ്ട് ട്വീറ്റുകളുടെ പേരിൽ രാജ്യത്തെ നീതിന്യായവ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുമെന്ന കണ്ടെത്തലിൽ ഒരു അഭിഭാഷകനെ ശിക്ഷിക്കാൻ സുപ്രീം കോടതി തയ്യാറെടുക്കുന്നത് ജനങ്ങൾക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ചോദിക്കുന്നവരിൽ മുൻ സുപ്രീംകോടതി ചിഫ് ജസ്റ്റിസ് ആർ.എം. ലോഥയും ഡൽഹി മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.പി. ഷായും മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കുര്യൻ ജോസഫും അടക്കമുള്ളവരുണ്ടെന്ന കാര്യം എങ്ങനെ വിസ്മരിക്കാനാകും. ലോക്ക് ഡൗൺ ആരംഭിച്ച മാർച്ച് മുതൽ ആഗസ്റ്റ് വരെ 12,678 ഹർജികളും 686 റിട്ടുകളും കോടതി പരിഗണിച്ചെന്ന് പറയുന്നു. എന്നാൽ കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ മാത്രം പരിഗണിച്ചത് 14,381കേസുകളാണ്. അതായത് അത്യാവശ്യകേസുകൾ പലതും കോടതി മുറിയിൽ ഉറങ്ങുമ്പോഴാണ് അലക്ഷ്യകേസിൽ കോടതി അടിയന്തര വിധിന്യായത്തിന് കളമൊരുക്കുന്നത്.
പോകില്ല അന്തസ്
ഒരു ഗ്രാമത്തിൽ സാധാരണക്കാർക്കിടയിൽ തർക്കമുണ്ടാകുമ്പോൾ പോലും അത് അവസാനം ചെന്നെത്തുക 'നമുക്ക് കോടതിയിൽ കാണാം' എന്ന വാക്യത്തിലാണ്. സാധാരണക്കാരായ മനുഷ്യരുടെ ഉള്ളിൽ പോലും അത്രമേൽ അലിഞ്ഞുചേർന്നതാണ് കോടതിയിലുള്ള വിശ്വാസം. രണ്ട് ട്വീറ്റ് കൊണ്ടോ നാല് ഫേസ്ബുക്ക് പോസ്റ്റ് കൊണ്ടോ അതിനെ കളങ്കപ്പെടുത്താൻ പറ്റില്ലെന്ന് ഏത് കുഞ്ഞിനും അറിയാം. എന്നാൽ പ്രശാന്ത് ഭൂഷൺ നടത്തിയ പ്രസ്താവനകൾ കോടതി അലക്ഷ്യത്തിന്റെ നിർവചനത്തിൽ വരുന്നതല്ലായെന്ന് നിയമം അറിയാവുന്നവർ പറയുന്നു. പ്രശാന്ത് ഭൂഷൺ ഒരു പ്രതീകം മാത്രമാണ്. വരാനിരിക്കുന്ന നാളുകൾ സുരക്ഷിതമല്ലെന്നും ജനങ്ങൾക്ക് ഭരണഘടന നൽകിയ അവകാശങ്ങൾ കവർന്നെടുക്കാനുള്ള ഭരണകൂട നീക്കത്തിൽ നിന്നും രക്ഷതേടി ചെല്ലാനൊരു കേന്ദ്രം ഇല്ലാതാകുന്നു എന്നുമുള്ള തിരിച്ചറിവാണിതെന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹയും പ്രതികരിച്ചിരുന്നു.
കർണവിലാപം കേട്ടില്ലേ ?
പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി ആവർത്തിക്കുമ്പോഴും ബാർ അസോസിയേഷനും ഇന്ത്യൻ അസോസിയേഷൻ ഒഫ് ലോയേഴ്സും അടക്കമുള്ള ഇന്ത്യയിലെ അഭിഭാഷക സംഘടനകളും കീഴ്കോടതി മുതൽ സുപ്രീംകോടതി വരെയുള്ള അഭിഭാഷകരും പൊതുപ്രവർത്തകരും ഭൂഷണിന് പിന്തുണയുമായി നിലനിൽക്കുന്നുണ്ട്. മുൻ സുപ്രീംകോടതി ജസ്റ്റിസുമാരടക്കം രംഗത്തെത്തി. എന്നാൽ കുറച്ച് കാലം മുമ്പ് മറ്റൊരു കോടതിയലക്ഷ്യ കേസ് വലിയ വാർത്തയായിരുന്നു. അന്ന് എതിർപക്ഷത്തുണ്ടായിരുന്നത് ഒരു ഹൈക്കോടതി ജഡ്ജിയായിരുന്നു. ജസ്റ്റിസ് കർണൻ !പ്രശാന്ത് ഭൂഷണ് ഇന്ന് കിട്ടിക്കൊണ്ടിരിക്കുന്ന ഒരു വിശേഷ പിന്തുണ അഥവാ 'പ്രിവിലേജ്' എന്തുകൊണ്ടോ കർണന് ലഭിച്ചില്ല.
ജുഡീഷ്യറിയിലെ അഴിമതിക്കാരായ 20 ജഡ്ജിമാരെക്കുറിച്ച് 2017 ജനുവരിയിൽ പ്രധാനമന്ത്രിയ്ക്ക് സീൽചെയ്ത കത്ത് അയച്ചതാണ് കർണൻ ചെയ്ത തെറ്റ്. തന്റെ ഭാഗം ന്യായീകരിക്കാൻ പോലും അവസരം നൽകാതെ കർണനെ ആറ് മാസം ജയിലിടച്ചു. തനിക്ക് മാപ്പ് തരണമെന്ന് അന്നത്തെ പ്രസിഡന്റ് പ്രണബ് മുഖർജിയോടുള്ള അപേക്ഷപോലും തിരസ്ക്കരിക്കപ്പെട്ടു. കർണന്റെ പ്രസ്താവനകൾ പ്രസിദ്ധീകരിക്കുന്നതിൽ സുപ്രീംകോടതി മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന സാഹചര്യം പോലും ഉണ്ടായി. ദളിത് വിഭാഗത്തിൽപ്പെടുന്ന താൻ അരികുവത്ക്കരിക്കപ്പെട്ടവന്റെ നിശബ്ദമാക്കപ്പെട്ട ശബ്ദത്തിന്റെ പ്രതിനിധിയാണെന്നാണ് കർണൻ ജയിൽവാസം കഴിഞ്ഞിറങ്ങിയപ്പോൾ പ്രതികരിച്ചത്.