ന്യൂഡൽഹി: കേന്ദ്രജലശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന് കൊവിഡ്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗ വിവരം പുറത്തുവിട്ടത്. ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കൊവിഡ് പരിശോധനയ്ക്ക് വിധേയമാകുകയായിരുന്നു. 52കാരനായ ഷെഖാവത്തിനെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമ്പർക്കത്തിൽ വന്നവർ കൊവിഡ് പരിശോധന നടത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തിങ്കളാഴ്ച ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കൊവിഡ് സ്ഥിരീകരിക്കുന്ന ആറാമത്തെ കേന്ദ്രമന്ത്രിയാണ് ഗജേന്ദ്ര ഷെഖാവത്ത്. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ, പെട്രോളിയം മന്ത്രി ധർമ്മേന്ദ്രപ്രധാൻ, പാർലമെന്ററി കാര്യസഹമന്ത്രി അർജ്ജുൻ റാം മേഘ്‌വാൾ, കൃഷി സഹമന്ത്രി കൈലാഷ് ചൗധരി,ആയുഷ് സഹമന്ത്രി ശ്രീപദ് നായിക്ക് എന്നിവർക്ക് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.