ന്യൂഡൽഹി: ഡൽഹിയിലെ ജനങ്ങളിൽ 29.1 ശതമാനം പേർക്കും കൊവിഡ് വന്നുപോയതായി ഡൽഹി സർക്കാരും ദേശീയ രോഗ നിയന്ത്രണ കേന്ദ്രവും ചേർന്ന് നടത്തിയ രണ്ടാം സെറോളജിക്കൽ സർവേയുടെ കണ്ടെത്തൽ. ആരോഗ്യമന്ത്രി സത്യേന്ദ്രജയിനാണ് സർവേ ഫലം പുറത്തുവിട്ടത്.ഏറ്റവും കൂടുതൽ ബാധിച്ചത് സൗത്ത് ഈസ്റ്റ് ജില്ലയിലാണ്. ഇവിടെ പരിശോധിച്ച സാമ്പിളുകളിൽ 33.2 ശതമാനം പേർക്ക് കൊവിഡ് ആന്റിബോഡി കണ്ടെത്തി.
ഡൽഹിയിൽ 2 കോടിയോളം ജനങ്ങൾ താമസിക്കുന്നുവെന്നാണ് കണക്ക്. സർവെയുടെ കണ്ടെത്തൽ അനുസരിച്ച് 58 ലക്ഷം പേർക്ക് ഇതിനകം കൊവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം.
ന്യൂഡൽഹി മേഖലയിലാണ് കുറവ്. ഇവിടെ 24.6 ശതമാനത്തെയാണ് ബാധിച്ചത്. സ്ത്രീകളിലാണ് ആന്റി ബോഡി കൂടുതലായി കണ്ടെത്തിയത്.18 വയസിന് താഴെയുള്ള 34.7 ശതമാനത്തിനും 18-50നും ഇടയിലുള്ള 28.5 ശതമാനത്തിനും 50 വയസിന് മുകളിലുള്ള 31.2 ശതമാനത്തിനും ആന്റിബോഡി കണ്ടെത്തി.11 ജില്ലകളിലായി 1 മുതൽ ഏഴുവരെ 15000 പേരുടെ രക്തസാമ്പിളുകളാണ് പരിശോധിച്ചത്.
ആദ്യ സർവേ ജൂൺ 27 മുതൽ ജൂലായ് പത്തുവരെയായിരുന്നു. 11 ജില്ലകളിൽ നിന്ന് ശേഖരിച്ച 21387 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചപ്പോൾ 22.6 ശതമാനത്തിനും ആന്റിബോഡി കണ്ടെത്തി. 47 ലക്ഷം പേർക്ക് കൊവിഡ് വന്നുപോയിട്ടുണ്ടാകാമെന്നായിരുന്നു ആദ്യ സർവേയുടെ നിഗമനം.സെപ്തംബറിലും ഒക്ടോബറിലും വീണ്ടും സർവേ നടത്തും.