ന്യൂഡൽഹി: സെപ്തംബർ ഒന്നു മുതൽ 13 വരെ നടക്കുന്ന ജെ. ഇ. ഇ, നീറ്റ് പരീക്ഷകൾക്ക് വിദ്യാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
രണ്ട് പരീക്ഷകൾക്കുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇന്നലെ പുറത്തിറക്കിയ സുരക്ഷാ മാനദണ്ഡങ്ങളിലാണ് ഈ നിർദ്ദേശം.
തെർമൽ സ്ക്രീനിംഗിൽ 99.4 ഡിഗ്രി ഫാരൻ ഹീറ്റിൽ കൂടുതൽ ശരീരതാപം ഉള്ളവരെ ഐസൊലേഷൻ മുറികളിലായിരിക്കും പരീക്ഷയ്ക്ക് ഇരുത്തുന്നത്.
മറ്റ് നിർദേശങ്ങൾ
ശരീരതാപനില പരിശോധിക്കും
വിദ്യാർത്ഥികൾ 20 മിനിറ്റ് മുൻപ് സെന്ററിലെത്തണം.
താപനില ഉയർന്നവർക്ക് പരീക്ഷ ഐസൊലേഷൻ മുറിയിൽ.
ഹാൾടിക്കറ്റിനും തിരിച്ചറിയൽ കാർഡിനുമൊപ്പം മാസ്ക്, ഗ്ലൗസ്, സുതാര്യമായ വെള്ളക്കുപ്പി, സാനിറ്റൈസർ എന്നിവ കരുതണം.
ഹാളിൽ മാസ്കും ഗ്ലൗസും ധരിക്കണം.
ഹാളിന്റെ തറ, ഭിത്തി, സെന്ററിന്റെ ഗെയ്റ്റ് തുടങ്ങിയ ഇടങ്ങളിൽ അണുനശീകരണം
വിദ്യാർത്ഥികളുടെ ബാഗുകളിലും അണുനശീകരണം
പരീക്ഷാ ഡ്യൂട്ടിയിലുള്ള അദ്ധ്യാപകരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.
അദ്ധ്യാപകരുടെ നിർദ്ദേശങ്ങൾ വിദ്യാർത്ഥികൾ കർശനമായി പാലിക്കണം
മാർഗരേഖ അശാസ്ത്രീയമെന്ന് ആക്ഷേപം
ആശങ്കയുടെ നടുവിൽജെ.ഇ.ഇ - നീറ്റ്
എസ്. പ്രേംലാൽ, ശരണ്യ ഭുവനേന്ദ്രൻ
തിരുവനന്തപുരം / ന്യൂഡൽഹി : കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുമ്പോൾ രാജ്യത്താകെ 25 ലക്ഷത്തോളം വിദ്യാർത്ഥികൾ ഒരേസമയം പങ്കെടുക്കുന്ന ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾക്ക് കുട്ടികൾ സ്വയം സാക്ഷ്യപ്പെടുത്തിയ 'നോ കൊവിഡ്' സർട്ടിഫിക്കറ്റ് മതിയെന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ മാർഗനിർദ്ദേശം അശാസ്ത്രീയമാണെന്ന് ആക്ഷേപം ശക്തമായി.
താൻ കൊവിഡ് പോസിറ്റീവ് അല്ല, തനിക്ക് കൊവിഡ് ലക്ഷണങ്ങളില്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ കത്ത് മാത്രമാണ് വിദ്യാർത്ഥികൾ ഹാജരാക്കേണ്ടത്. തനിക്ക് രോഗം ഇല്ലെന്ന് വിദ്യാർത്ഥി എങ്ങനെ നിശ്ചയിക്കും? കൊവിഡ് ലക്ഷണങ്ങൾ പ്രകടമല്ലാത്ത വിദ്യാർത്ഥികൾക്കും സ്വന്തം സർട്ടിഫിക്കറ്റിന്റെ ബലത്തിൽ പരീക്ഷാഹാളിൽ കയറാം. അവിടെ രോഗം ഇല്ലാത്തവർക്കൊപ്പം പരീക്ഷ എഴുതാം.
@തെർമ്മൽ സ്ക്രീനിംഗ് അപര്യാപ്തം
തെർമ്മൽ സ്ക്രീനിംഗ് നടത്തിയാവും വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുക എന്നും മാർഗരേഖയിലുണ്ട്. തെർമൽ സ്ക്രീനിംഗ് കൊവിഡ് ഉണ്ടെന്നും ഇല്ലെന്നും സ്ഥിരീകരിക്കാനുള്ള പരിശോധനയല്ല. കൊവിഡ് ഉള്ളവർക്കെല്ലാം പരിധിവിട്ട ശരീരതാപനില പ്രകടമാകണമെന്നില്ല. ഹാളിലെത്തുന്നതിന് അരമണിക്കൂർ മുമ്പ് ഒരു പാരസെറ്റമോൾ ഗുളിക കഴിച്ചാൽ ചൂട് കുറയും. രണ്ട് മണിക്കൂർ ചൂട് കൂടുകയുമില്ല. തെർമൽ സ്ക്രീനിംഗിൽ കണ്ടെത്താനാവില്ല.
ശരീര ഉഷ്മാവ് 99.4ഡിഗ്രി ഫാരൻ ഹീറ്റ് മുതൽ മുകളിലോട്ടുള്ളവരെ ഐസൊലേഷൻ മുറികളിൽ പരീക്ഷ എഴുതിക്കുമെന്നും വ്യവസ്ഥയുണ്ട്. ഏത് പനിയുടെയും തുടക്കമാണെന്ന് സ്ഥിരീകരിക്കാവുന്ന ശരീര ഊഷ്മാവാണിത്. കൊവിഡ് തന്നെ ആകണമെന്നില്ല. അണുബാധ മൂലമോ വൈറൽ ഫീവർ മൂലമോ ഒക്കെ ഇത്രയും ചൂടുണ്ടാവാം. അങ്ങനെയുള്ളവരെയും ഐസൊലേഷൻ മുറികളിലാക്കിയാൽ അവിടെ യഥാർത്ഥത്തിൽ രോഗം ഉള്ളവർക്കൊപ്പം അവർ പരീക്ഷ എഴുതേണ്ടി വരും.
അപകടസാദ്ധ്യത
ഇന്ത്യയൊട്ടാകെ 25ലക്ഷം പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളത്തിൽ ഒന്നര ലക്ഷം പേർ. പരീക്ഷയ്ക്ക് 48 മണിക്കൂർ മുമ്പ് രാജ്യത്താകെ ഇത്രയും പേരുടെ ലാബ് പരിശോധന അസാദ്ധ്യമാണ്. ഇവർ ഒരേ ദിവസങ്ങളിൽ മണിക്കൂറുകളോളം ഒരുമിച്ചിരുന്ന് പരീക്ഷ എഴുതേണ്ടി വരും. പരീക്ഷാഹാളിൽ സാമൂഹ്യ അകലവും മാസ്കും ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകളിൽ പിഴവുണ്ടായാൽ രോഗം പകരാൻ സാദ്ധ്യതയേറെയാണ്. കേരളത്തിൽ കീം ( KEAM) പരീക്ഷ എഴുതിയ ഏതാനും വിദ്യാർത്ഥികൾക്കും രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
''പനി പലരും ഒളിച്ചു വയ്ക്കുകയാണ്. തെർമർ സ്ക്രീനിംഗിൽ കാര്യമില്ല. നീറ്റ് എഴുതുന്നവരിൽ കൊവിഡ് ഉള്ളവരെയെല്ലാം കൃത്യമായി കണ്ടെത്താനാവില്ല.
ഡോ. എൻ.കെ. സനൽകുമാർ
സർജൻ
എറണാകുളം