v-muraleedharan

ന്യൂഡൽഹി: സംസ്ഥാന സർക്കാർ അംഗീകരിച്ച നടപടിക്രമങ്ങളിലൂടെയാണ് തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. നടപടി ഏകപക്ഷീയമല്ല. അഴിമതി ആരോപണങ്ങളിൽ കഴമ്പില്ല.

വിമാനത്താവളം നടത്തിപ്പിനുള്ള ഉന്നതാധികാര സമിതിക്ക് മുന്നിൽ സംസ്ഥാനം വച്ച നിർദ്ദേശ പ്രകാരമാണ് പ്രത്യേക കേസായി പരിഗണിച്ച് കെ.എസ്.ഐ.ഡി.സിയുമായി ചേർന്നുള്ള കൺസോർഷ്യത്തെ ലേലത്തിൽ പങ്കെടുക്കാൻ അനുവദിച്ചത്. ലേലത്തിൽ ഏറ്റവും കൂടുതൽ തുക നൽകുന്ന കമ്പനിയെക്കാൾ 10 ശതമാനമെങ്കിലും താഴെയാണെങ്കിലും സംസ്ഥാനത്തിന് അവസരം നൽകുമെന്നും ഉറപ്പു നൽകി.

എന്നാൽ, ഒരു യാത്രക്കാരന് 135 രൂപ വച്ച് എയർപോർട്ട് അതോറിട്ടിക്ക് നൽകാമെന്ന ക്വട്ടേഷനാണ് സർക്കാർ കമ്പനി നൽകിയത്. അത് ഏറ്റവും കൂടുതൽ തുക ക്വോട്ടു ചെയ്‌ത അദാനി ഗ്രൂപ്പിനെക്കാൾ 19.64 ശതമാനം കുറവായിരുന്നു. കേരളത്തിന് നടത്തിപ്പ് കരാർ ലഭിക്കാതെ പോയത് അങ്ങനെയാണ്.

സർവകക്ഷി യോഗത്തിന്റെ അടിസ്ഥാനത്തിൽ നിയമസഭ പ്രമേയം പാസാക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ കൂടി അനുമതിയോടെ കേന്ദ്രസർക്കാർ എടുത്ത തീരുമാനമെന്നതും വ്യക്തമാക്കണം.

വിമാനത്താവള നടത്തിപ്പ് സ്വകാര്യമേഖലയ്‌ക്ക് നൽകുന്നത് ആദ്യമായല്ല. തീരുമാനം കോടതി വിധിക്ക് വിധേയമാണെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ രണ്ട് വിമാനത്താവളങ്ങളുടെ ഉടമസ്ഥാവകാശം സ്വകാര്യമേഖലയ്‌ക്കാണ്. തിരുവനന്തപുരം വിമാനത്താവളത്തിൽ 179.49 കോടി അദാനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. തിരുവനന്തപുരത്തിന്റെ വികസനത്തിന് തുരങ്കം വയ്‌ക്കുന്ന നിലപാടിൽ നിന്ന് പിന്മാറണം. അല്ലെങ്കിൽ ജനങ്ങൾ പാഠം പഠിപ്പിക്കും.
അഴിമതി ആരോപണം ഉന്നയിക്കുന്ന കോൺഗ്രസ് അവരുടെ ഭരണകാലത്ത് സ്വകാര്യ മേഖലയ്‌ക്ക് വിമാനത്താവളം കൈമാറിയത് കമ്മിഷൻ വാങ്ങിയിട്ടാണോ എന്ന് വ്യക്തമാക്കണം. സ്വന്തം പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ മോദി സർക്കരിനെ അളക്കരുത്. ശബരിമല ക്ഷേത്രത്തെ ഇല്ലാതാക്കൻ ശ്രമിച്ചവരാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആചാരം ലംഘിക്കപ്പെടുമെന്ന് ആശങ്കപ്പെടുന്നത്. ബി.ജെ.പി ഭരിക്കുമ്പോൾ അത്തരം ആശങ്കയ്‌ക്ക് അടിസ്ഥാനമില്ല.

സ്വ‌ണക്കടത്ത് കേസിന്റെ

ശ്രദ്ധ തിരിക്കാൻ ശ്രമം

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന ആരോപണത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിന്റെ ഭാഗമായാണ് വിമാനത്താവള നടത്തിപ്പ് വിവാദമാക്കുന്നത്. സ്വർണക്കടത്ത് കേസ് അന്വേഷണത്തിൽ എല്ലാ നടപടികളും തടസമില്ലാതെ മുന്നോട്ട് പോകും. സി.പി.എം ഭരിക്കുമ്പോൾ സ്വന്തക്കാർക്ക് ഒരു നീതി, മറ്റുള്ളവർക്ക് മറ്റൊന്ന് എന്നതാണ് രീതി. അതിന്റെ ഭാഗമായാണ് മാദ്ധ്യമ പ്രവർത്തകർക്കെതിരെയുള്ള സൈബർ ആക്രമണമെന്നും മുരളീധരൻ പറഞ്ഞു.