ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവർക്ക് തൊഴിലില്ലായ്മ അലവൻസ് നൽകാൻ ഇ.എസ്.ഐ ബോർഡ് യോഗം തീരുമാനിച്ചു. കേരളത്തിലെ രണ്ടു ലക്ഷത്തിലേറെ തൊഴിലാളികൾക്ക് പ്രയോജനം കിട്ടും.
ഉപാധികൾക്ക് വിധേയമായി 2020 മാർച്ച് 24 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ പ്രതിമാസ ആനുകൂല്യമാണ് നൽകുന്നത്. ഈ മാർച്ച് 31ന് ഇ.എസ്.ഐയിൽ രണ്ടുവർഷത്തെ അംഗത്വം തികഞ്ഞിരിക്കണം. 2019 ഒക്‌ടോബർ മുതൽ 2020 മാർച്ച് 31വരെയുള്ള കാലയളവിൽ കുറഞ്ഞത് 78 ദിവസവും മറ്റ് ഏതെങ്കിലും കോൺട്രിബ്യൂഷൻ കാലയളവിൽ 78 ദിവസവും ജോലിക്ക് ഹാജരായിരിക്കണം. 90 ദിവസത്തെ വിഹിതം അടിസ്ഥാനമാക്കിയാണ് അലവൻസ് നിശ്‌ചയിക്കുക. ഇതിനായി അടൽ ബീമിത് വ്യക്തികല്യാൺ യോജനയിൽ ഭേദഗതി വരുത്തും. കേന്ദ്രസർക്കാരിന് 6000 കോടി രൂപയുടെ സാമ്പത്തിക ബാദ്ധ്യതയുണ്ടാകും.
തൊഴിലാളികൾക്ക് ആശ്വാസകരമാകുമെന്നും കേന്ദ്രസർക്കാരിനെ അഭിനന്ദിക്കുന്നതായും ഇ.എസ്.ഐ ബോർഡ് അംഗവും ബി.എം.എസ് ദേശീയ നിർവാഹക സമിതി അംഗവുമായ വി. രാധാകൃഷ്‌ണൻ പറഞ്ഞു.