ന്യൂഡൽഹി:ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച് ട്വീറ്റിട്ടതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് പുനർവിചാരത്തിന് മൂന്ന് ദിവസത്തെ സമയം അനുവദിച്ച് ജസ്റ്റിസ് അരുൺ മിശ്ര അടങ്ങിയ സുപ്രീംകോടതി ബെഞ്ച്. ഭൂഷണ് ട്വീറ്റ് പിൻവലിക്കുകയോ ക്ഷമാപണം നടത്തുയോ ചെയ്യാമെന്ന് കോടതി നിർദേശിച്ചു. തിങ്കളാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കും. എന്നാൽ നിലപാടിൽ മാറ്റമില്ലെന്നും ദയ യാചിക്കില്ലെന്നും ഏത് ശിക്ഷയും ഏറ്റുവാങ്ങുമെന്നും ഭൂഷൺ കോടതിയിൽ പറഞ്ഞു.
'തെറ്റ് ചെയ്യാത്ത ആരും ഭൂമിയിലില്ല. നിങ്ങൾ നൂറ് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടാവാം. പക്ഷെ അത് നിങ്ങൾക്ക് പത്ത് കുറ്റകൃത്യം ചെയ്യുന്നതിനുള്ള ലൈസൻസല്ല. നടന്നത് നടന്നു. പക്ഷെ ചെയ്തയാൾക്ക് പശ്ചാത്താപമുണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.' ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.
പുനഃപരിശോധനാ ഹർജി നൽകാൻ സാവകാശം വേണമെന്നും കോടതിയലക്ഷ്യ കേസിൽ ശിക്ഷ സംബന്ധിച്ച വാദം നീട്ടിവയ്ക്കണമെന്നും ഭൂഷൺ കോടതിയെ അറിയിച്ചു. എന്നാൽ കോടതി ഇത് നിരാകരിച്ചു. എല്ലാത്തിനും ലക്ഷ്മണ രേഖയുണ്ടെന്നും ഭൂഷൺ അത് ലംഘിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതേ തുടർന്ന് മുൻ കൂട്ടി തയ്യാറാക്കിയ പ്രസ്താവനഭൂഷൺ കോടതിയിൽ വായിച്ചു.ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജുഡിഷ്യറിയെ വിമർശിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. അത് പിൻവലിക്കില്ല. കോടതിയുടെ മഹിമ ഉയർത്തിപ്പിടിക്കുന്നതിനാണ് താൻ ശ്രമിച്ചത്. അതിന്റെ പേരിൽ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാക്കുന്നതിൽ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിക്ഷിക്കപ്പെടും എന്നതിലല്ല താൻ വേദനിക്കുന്നത്, തെറ്റിദ്ധരിക്കപ്പെട്ടതിലാണ്. ഒരു തെളിവും മുന്നോട്ടുവയ്ക്കാതെ, താൻ ജുഡീഷ്യറിയെ നിന്ദയോടെ ആക്രമിച്ചു എന്നു കോടതി കണ്ടെത്തിയതിൽ തനിക്ക് നിരാശയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
24 വർഷക്കാലത്തെ ജഡ്ജിയായുള്ള സേവനത്തിനിടക്ക് താനാരെയും കോടതിയലക്ഷ്യകേസിന് ശിക്ഷിച്ചിട്ടില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. ഭൂഷണെ ശിക്ഷിക്കരുതെന്ന് കേന്ദ്രവും കോടതിയിൽ വാദിച്ചിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുട ബൈക്ക് സവാരി, ആറു വർഷം ഇന്ത്യയിൽ ജനാധിപത്യം നശിപ്പിക്കപ്പെട്ടതിൽ ഇന്ത്യയിലെ 4 മുൻ ജസ്റ്റിസുമാർക്ക് പങ്കുണ്ട് എന്നിങ്ങനെ രണ്ട് ട്വീറ്റുകളുടെ പേരിലാണ് കോടതി സ്വമേധയാ ഭൂഷണിനെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കുകയും കുറ്റക്കാരനാണെന്ന് വിധിക്കുകയും ചെയ്തത്.