fb

ന്യൂഡൽഹി: ബി.ജെ.പി നേതാക്കളെ സഹായിക്കുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കൻബർഗിന് കോൺഗ്രസ് വീണ്ടും കത്തെഴുതി. ഇന്ത്യയിൽ പണമിടപാട് ലൈസൻസ് ലഭിക്കാൻ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്‌സാപ്പിനെ ദുരുപയോഗം ചെയ്യാൻ ബി.ജെ.പിക്ക് അവസരം നൽകുന്നുവെന്നതാണ് കോൺഗ്രസിന്റെ പുതിയ പരാതി.

ടൈം മാഗസിൻ ആഗസ്‌റ്റ് 27ന് പ്രസിദ്ധീകരിച്ച ലക്കത്തിൽ ഫേസ്ബുക്കും ബി.ജെ.പിയുമായുള്ള രഹസ്യ ബന്ധത്തിന്റെ കൂടുതൽ വിവരങ്ങളുണ്ടെന്ന് എ.ഐ.സി.സി സംഘടനാ സെക്രട്ടറി കെ.സി. വേണുഗോപാൽ അയച്ച കത്തിൽ വിവരിക്കുന്നു. 40കോടി ഇന്ത്യക്കാർ ഉപയോഗിക്കുന്ന വാട്ട്‌സാപ്പിന് പണമിടപാട് ലൈസൻസ് ലഭിക്കാൻ ഫേസ്ബുക്കിന്റെ ഇന്ത്യൻ ഉദ്യോഗസ്ഥർ ബി.ജെ.പി നേതാക്കൾക്ക് ദുരുപയോഗത്തിന് അവസരമൊരുക്കുകയാണ്. ഇക്കാര്യത്തിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഫേസ്ബുക്കും ബി.ജെ.പി നേതാക്കളും തമ്മിലുള്ള ബന്ധം പാർലമെന്ററി സമിതി അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.