ranjan-gogoi

ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിയായിരിക്കെ പദവി ദുരുപയോഗം ചെയ്തതിന് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. 2018ൽ അഭിഭാഷകൻ അരുൺ രാമചന്ദ്ര ഹുബാലികർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായി ബി.ആർ.ഗവായി, കൃഷ്ണ മുരാരി എന്നിവരുൾപ്പെട്ട ബെഞ്ച് തള്ളിയത്. ജസ്റ്റിസ് ഗോഗോയ് 2019 നവംബറിൽ വിരമിച്ചതിനാൽ ഈ പൊതുതാത്പര്യ ഹർജിയുടെ പ്രസക്തിയില്ലാതായെന്ന് കോടതി അഭിപ്രായപ്പെട്ടു. രണ്ട് വർഷം എവിടെയായിരുന്നുവെന്ന് കോടതി ഹ‌ർജിക്കാരനോട് ആരാഞ്ഞു. ഹർജി ഫയൽ ചെയ്ത മാസം മുതൽ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കത്തുകൾ അയച്ചിട്ടും സുപ്രീംകോടതി രജിസ്ട്രി തന്റെ ഹർജി പട്ടികയിൽ ലിസ്റ്റ് ചെയ്തില്ലെന്ന് പരാതിക്കാരൻ വാദിച്ചു. എന്നാൽ ആ വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ല. വാദം തുടരുന്നതിൽ ഫലമില്ലെന്നും സമയം നഷ്ടപ്പെടുത്തൽ മാത്രമാകുമെന്നും നിരീക്ഷിച്ച കോടതി ഹർജി തള്ളി. സുപ്രീംകോടതി ജഡ്ജിയായിരിക്കെ രഞ്ജൻ ഗോഗോയ് 2016 ജൂലായിൽ എതിർ കക്ഷികളുടെ അഭാവത്തിൽ പുറപ്പെടുവിച്ച വിധികളിൽ അനൗചിത്യവും പക്ഷപാതിത്തവുമാണെന്നും അതിനാൽ അദ്ദേഹത്തിനെതിരെ അഭ്യന്തര സമിതി രൂപീകരിച്ച് അന്വേഷണം നടത്തണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം. വടക്ക് കിഴക്കൻ ഇന്ത്യയിൽ നിന്ന് ആദ്യമായി ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ആളാണ് രഞ്ജൻ ഗോഗോയ്. ഇന്ത്യയുടെ 46ാമത് ചീഫ് ജസ്റ്റിസായ അദ്ദേഹം 2018 ഒക്ടോബർ 3നാണ് ചുമതലയേറ്റത്. 13 മാസത്തിന് ശേഷം 2019 നവംബർ 17ന് വിരമിച്ചു. ഇക്കാലയളവിൽ സുപ്രീം കോടതി ജീവനക്കാരി ഉന്നയിച്ച ലൈംഗികാരോപണം ഉൾപ്പെടെ നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടു ഗേഗോയ്. തന്റെ പേരിലുള്ള ലൈംഗിക പീഡന പരാതി സ്വയം തീർപ്പാക്കിയതും നിലവിൽ രാജ്യസഭാ എം.പിയായ രഞ്ജൻ ഗോഗോയിലെ വിവാദത്തിലാക്കിയിരുന്നു.