sc-of-india

ന്യൂഡൽഹി :കൊവിഡ് കാലത്ത് മറ്റെല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും അനുവദിക്കുമ്പോൾ മതപരമായ കാര്യങ്ങൾ മാത്രം കൊവിഡിന്റെ പേരിൽ വിലക്കുന്നത് ആശ്ചര്യമാണെന്ന് സുപ്രീംകോടതി പറഞ്ഞു.

ജൈന വിശ്വാസികളുടെ പര്യൂഷ ഉത്സവത്തിന് മുംബയിലെ മൂന്ന് ജൈന ക്ഷേത്രങ്ങൾ തുറക്കണമെന്ന ഹർജിയിൽ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് പരാമർശം

സാമ്പത്തിക താല്പര്യങ്ങൾ നോക്കിയാണ് എല്ലാ ഇളവുകളും പ്രഖ്യാപിക്കുന്നത്. പണത്തിന്റെ കാര്യമാകുമ്പോൾ സർക്കാർ റിസ്‌ക് എടുക്കും. മതത്തിന്റെ കാര്യം വരുമ്പോൾ കൊവിഡാണ്,​ പറ്റില്ലെന്ന് പറയും - ചീഫ് ജസ്റ്റിസ് പറഞ്ഞു.

കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാമെന്ന ഹർജിക്കാരുടെ വാദം പരിഗണിച്ച് ജൈന ക്ഷേത്രങ്ങൾ തുറക്കാൻ സുപ്രീംകോടതി അനുവദിച്ചു. ഒരു സമയത്ത് അഞ്ച് പേരേ ക്ഷേത്രത്തിൽ പ്രവേശിക്കാവൂ തുടങ്ങിയ ഉപാധികളോടെയാണ് അനുമതി. ചില ആരാധാനാലയങ്ങൾക്ക് മാത്രം ഇളവ് നൽകിയാൽ വിവേചനമാകില്ലേ എന്ന് കോടതി ചോദിച്ചു. ഈ ഉപാധികൾ പാലിക്കാമെങ്കിൽ എല്ലാ ആരാധനാലയങ്ങൾക്കും ഇളവുകൾ ബാധകമാക്കുന്നതിന് കോടതി എതിരല്ല. ഹിന്ദു ക്ഷേത്രങ്ങൾക്കും മുസ്ലീം പള്ളികൾക്കും എന്തുകൊണ്ട് ഇളവ് നൽകിക്കൂടാ?​ ഇല്ലെങ്കിൽ സുപ്രീംകോടതി ഒരു സമുദായത്തെ മാത്രം അനുകൂലിച്ചു എന്ന് ആക്ഷേപം ഉണ്ടാവില്ലേയെന്നും കോടതി തമാശയായി ചോദിച്ചു.

പുരി രഥോത്സവം കടുത്ത നിയന്ത്രണങ്ങളോടെ നടത്താൻ കോടതി അനുവദിച്ചിരുന്നു.അവിടെ ആമെങ്കിൽ ഒരിടത്തുകൂടി ആയിക്കൂടെ?​ പുരിയിൽ അനിഷ്‌ടം ഒന്നും സംഭവിച്ചില്ല. ജഗന്നാഥൻ ഞങ്ങളോട് ക്ഷമിച്ചു. ഇനിയും ക്ഷമിക്കും -ചീഫ് ജസ്റ്റിസ് പറഞ്ഞു.

എന്നാൽ ഈ വിധി മറ്റ് ആരാധനാലയങ്ങൾ തുറക്കുന്നതു സംബന്ധിച്ച കേസുകൾക്ക് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി. മതപരമായ കടമകൾ പോലെ പൊതുജനങ്ങൾക്കും കടമകളുണ്ടെന്നും 'ദൈവം നമുക്കൊപ്പമുണ്ടെന്നും, ദൈവം എല്ലായിടത്തുമുണ്ടെന്നും ' കോടതി അഭിപ്രായപ്പെട്ടു.