ന്യൂഡൽഹി: കൊവിഡ് സാഹചര്യത്തിൽ സാമൂഹിക അകലം ഉറപ്പാക്കി തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ മാനദണ്ഡങ്ങൾ പുറത്തിറക്കി. കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും തപാൽ വോട്ട് അനുവദിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏത് പ്രവർത്തനത്തിനും മാസ്ക് നിർബന്ധം. വോട്ടർമാർക്ക് കൈയുറയും സാനിറ്റൈസറും ലഭ്യമാക്കും. തെർമൽ സ്കാനിംഗിനും വിധേയമാക്കും. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് ആദ്യം നടപ്പാക്കും.
നിശ്ചിത അളവിൽ കൂടുതൽ ശരീരോഷ്മാവ് കണ്ടെത്തിയാൽ വീണ്ടും പരിശോധന നടത്തും. ഇവർക്ക് വോട്ട് ചെയ്യാൻ അവസാന മണിക്കൂറിൽ അവസരം. ഇതിനായി ടോക്കൺ നൽകും. തിരിച്ചറിയലിന്റെ ഭാഗമായി ആവശ്യമെങ്കിൽ വോട്ടർമാർ മാസ്ക് താഴ്ത്തണം.
പോളിംഗ് സ്‌റ്റേഷനുകൾ അണുവിമുക്തമാക്കും. സോപ്പും വെള്ളവും വയ്ക്കും. ഒരു പോളിംഗ് സ്‌റ്റേഷനിൽ 1000 വോട്ടർമാർ മാത്രം. പുരുഷൻമാർ, സ്ത്രീകൾ, മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേകം ക്യൂ. പോളിംഗ് ഓഫീസർമാർക്കായുള്ള കിറ്റിൽ മാസ്ക്, സാനിറ്റൈസർ, ഫേസ് ഷീൽഡ്, കൈയുറ എന്നിവയുണ്ടാകും.
കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ സംസ്ഥാന, ജില്ല, മണ്ഡലാടിസ്ഥാനത്തിൽ നോഡൽ ഹെൽത്ത് ഓഫീസർമാരെയും നിയമിക്കും. രാഷ്ട്രീയ പാർട്ടികളിൽ നിന്നും സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ നിന്നുമുള്ള അഭിപ്രായം പരിഗണിച്ചാണ് മാർഗനിർദ്ദേശം പുതുക്കിയത്.
പത്രിക ഓൺലൈനിൽ
നാമനിർദ്ദേശ പത്രികകൾ ഓൺലൈനായി ലഭിക്കും. പൂരിപ്പിച്ച് ഇതിന്റെ പകർപ്പെടുത്ത് റിട്ടേണിംഗ് ഓഫീസർക്ക് സമർപ്പിക്കാം. സത്യവാങ്മൂലവും ഓൺലൈനായി സമർപ്പിക്കാം. കെട്ടിവയ്ക്കാനുള്ള തുക ഓൺലൈനായും അടയ്ക്കാം. പത്രിക സമർപ്പിക്കാൻ സ്ഥാനാർത്ഥിയോടൊപ്പം രണ്ടുപേർ മാത്രം, വാഹനവും രണ്ട്. വ്യത്യസ്ത സമയം സ്ഥാനാർത്ഥികൾക്ക് മുൻകൂട്ടി നൽകും.
തപാൽവോട്ട് ഇവർക്ക്
ഭിന്നശേഷിക്കാർ, 80 വയസിന് മുകളിലുള്ളവർ, അവശ്യ സർവീസുകളിലെ ജീവനക്കാർ, കൊവിഡ് രോഗബാധിതർ, ക്വാറന്റൈനിലുള്ളവർ
പ്രചാരണം
നിയന്ത്രണങ്ങളോടെ പരസ്യ പ്രചാരണവും വീടുകയറിയുള്ള പ്രചാരണവും അനുവദിക്കും
റോഡ് ഷോയിൽ ഒരു വാഹനവ്യൂഹത്തിൽ സുരക്ഷാ വാഹനം കൂടാതെ പരമാവധി അഞ്ചെണ്ണം
ഒരു വാഹന വ്യൂഹം കടന്നുപോയി അര മണിക്കൂറിന് ശേഷമേ അടുത്തത് പാടുള്ളൂ
സ്ഥാനാർത്ഥി ഉൾപ്പെടെ അഞ്ചുപേരെ മാത്രമേ വീടു കയറിയുള്ള പ്രചാരണത്തിന് അനുവദിക്കൂ
ദുരന്തനിവാരണ അതോറിട്ടി നിശ്ചയിക്കുന്നതിൽ കൂടുതൽപേർ പൊതുയോഗങ്ങളിൽ പാടില്ല
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കും