ന്യൂഡൽഹി:പാലാരിവട്ടം മേൽപ്പാലം പുതുക്കിപ്പണിയാൻ അനുമതി തേടി കേരളം സുപ്രീം കോടതിയെ സമീപിപ്പിച്ചു. തൽസ്ഥിതി തുടരാൻ ജസ്റ്റിസ് റോഹിംഗ്ടൻ നരിമാന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് പുറപ്പെടുവിച്ച മുൻ ഉത്തരവ് ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഹർജി 28ന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിംഗ് കൗൺസൽ ജി പ്രകാശ് സുപ്രീംകോടതി രജിസ്ട്രിക്ക് കത്ത് നൽകി.എന്നാൽ,അന്ന് പരിഗണിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
ജനങ്ങളുടെ അസൗകര്യം കാരണം പാലം പൊളിച്ച് പുതിയത് നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു.എന്നാൽ കോടതി നടപടികളെ തുടർന്ന് പാലം നിർമ്മാണം വൈകുകയാണ്. കുണ്ടന്നൂർ, വൈറ്റില പാലങ്ങൾ ഈ വർഷം കമ്മീഷൻ ചെയ്യുന്നതോടെ പാലാരിവട്ടത്ത് വലിയ ഗതാഗതക്കുരുക്ക് ഉണ്ടാവുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
2016 ഒക്ടോബർ 12നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലം ഉദ്ഘാടനം ചെയ്തത്. നിർമിച്ച് രണ്ട് വർഷം കഴിഞ്ഞപ്പോൾ പാലത്തിൽ ആറിടത്ത് വിള്ളൽ കണ്ടെത്തി. തുടർന്ന് 2019മേയ് 1ന് രാത്രി മുതൽ പാലം ഒരു മാസത്തേക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചു. തുറന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ പാലത്തിലെ റോഡിലെ ടാറിളകിയിരുന്നു. പാലം നിർമ്മാണത്തിനുള്ള കോൺക്രീറ്റ് മിശ്രിതം ഗുണനിലവാരമില്ലാത്തതാണെന്ന് ഐ.ഐ.ടി ചെന്നൈ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയും മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ്, മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് എന്നിവർക്കെതിരെ കേസെടുക്കുകയും ചെയ്തു.