ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വകാര്യപങ്കാളിത്തം അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി. സ്വകാര്യവത്കരണത്തിന് എതിരാണെങ്കിൽ എന്തിനാണ് കേരള സർക്കാർ ലേലത്തിൽ പങ്കെടുത്തതെന്ന് അദ്ദേഹം ചോദിച്ചു.
കേരള സർക്കാരിന് ന്യായമായ അവസരം നൽകി. കോടതി വിധിക്ക് അനുസൃതമായാണ് കേന്ദ്ര മന്ത്രിസഭാ തീരുമാനവുമായി മുന്നോട്ടുപോയത്. ഹൈക്കോടതിയും സുപ്രീംകോടതിയും നടപടികൾ സ്റ്റേ ചെയ്തിട്ടില്ല. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ രാജ്യത്തെ ആദ്യ വിമാനത്താവളം കേരളത്തിലായിരുന്നു. കൊച്ചിയിലും കണ്ണൂരിലും രണ്ടു വിമാനത്താവളങ്ങൾ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വിജയകരമായി നടത്തുന്ന കേരളമാണ് തിരുവനന്തപുരത്തിന്റെ കാര്യത്തിൽ എതിർപ്പ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.