ന്യൂഡൽഹി: അടുത്ത മാസം 13ന് നടത്തുന്ന നീറ്റ് പരീക്ഷയ്‌ക്ക് ഗൾഫ് രാജ്യങ്ങളിൽ കേന്ദ്രം അനുവദിക്കാൻ കഴിയില്ലെന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ഓൺലൈനായി നടത്താൻ കഴിയില്ലെന്നും അറിയിച്ചു. ഇനിയും പരീക്ഷ നീട്ടിവച്ചാൽ മെഡിക്കൽ പഠനം തകിടം മറിയും.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഖത്തർ കെ. എം. സി. സിയും രക്ഷിതാക്കളും സമർപ്പിച്ച ഹർജിയിലാണ് കൗൺസിൽ നിലപാട് വ്യക്തമാക്കിയത്. പരീക്ഷയുടെ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി കൊവിഡ് സുരക്ഷാ പ്രോട്ടോകോൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
പരീക്ഷയ്ക്ക് വിദേശത്ത് നിന്നുവരുന്ന വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും ക്വാറന്റൈൻ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തർ കെ. എം. സി. സി അഭിഭാഷകൻ ഹാരീസ് ബീരാൻ മുഖേന മറ്റൊരു അപേക്ഷ നൽകിയിട്ടുണ്ട്.കേരളം അടക്കം പല സംസ്ഥാനങ്ങളും 28 ദിവസത്തെ ക്വാറന്റൈനാണ് നിർദേശിച്ചിരിക്കുന്നത്.നിലവിൽ പരീക്ഷയ്ക്ക് മുമ്പ് ഇത്രയും ദിവസം കിട്ടില്ല.
ഈ ആവശ്യം സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും.