rape

പ്രതിപട്ടികയിൽ സിനിമാ താരങ്ങൾ മുതൽ വിദ്യാർത്ഥി നേതാക്കൾ വരെ

ന്യൂഡൽഹി: 11വർഷത്തിനിടെ 143 പേർ ചേർന്ന് 5000ത്തിലധികം തവണ പീഡിപ്പിച്ചതായി 25 വയസുള്ള ദളിത് യുവതിയുടെ പരാതി. സിനിമാതാരങ്ങൾ, വിദ്യാർത്ഥി യൂണിയൻ നേതാക്കൾ, രാഷ്ട്രീയക്കാർ, വക്കീലന്മാർ, മാദ്ധ്യമപ്രവർത്തകർ, ബിസിനസുകാർ ഉൾപ്പെടയുള്ളവർ പീഡിപ്പിച്ചതായാണ് തെലങ്കാനയിലെ പാഞ്ചഗുട്ട സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. പൊലീസ് 42 പേജുള്ള എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 41 പേജും പീഡിപ്പിച്ചവരെക്കുറിച്ചുള്ള വിശദാംശങ്ങളാണ്. സ്ത്രീകൾ ഉൾപ്പെടെ 139 പേരുടെ പേരുകൾ കൃത്യമായി നൽകിയിട്ടുണ്ട്. നാല് പേരുടെ പേര് അറിയില്ലെന്നും പെൺകുട്ടി പറയുന്നു. പൊലീസ് പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി.
പെൺകുട്ടിക്ക് 14 വയസുള്ളപ്പോൾ വീട്ടുകാർ വിവാഹം നടത്തിയെന്ന് എഫ്.ഐ.ആറിൽ പറയുന്നു. കല്യാണം കഴിഞ്ഞ ശേഷം ബന്ധുക്കളടക്കമുള്ള 20 പേർ തന്നെ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. ഒരു വർഷം കഴിഞ്ഞ് 2010ൽ വിവാഹ മോചനം നേടി ഇവർ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങുകയും പഠനം തുടരുകയും ചെയ്തു. പത്ത് വർഷത്തിനിടെ പ്രതികൾ നിരന്തരം പീഡിപ്പിക്കുകയും പരാതി നൽകിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു. നിരവധി തവണ സിഗരറ്റ് ഉപയോഗിച്ച് രഹസ്യഭാഗങ്ങളിൽ പൊള്ളലേൽപ്പിച്ചു.പ്രതിപ്പട്ടികയിൽ ഏതാനും സ്ത്രീകളും ഉൾപ്പെടുന്നു. വിവാഹത്തിന് മുൻപ് കുടുംബത്തിലെ ചിലരും തന്നെ ലൈംഗികമായി ഉപയോഗിച്ചെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്.

ഭയം, പരിഭ്രാന്തി, പ്രതികളിൽ നിന്നുള്ള ഭീഷണി എന്നിവ കാരണമാണ് പരാതി നൽകാൻ വൈകിയതെന്ന് പൊലീസ് പറയുന്നു. ബലാൽസംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, പട്ടികജാതി പട്ടിക വർഗ അതിക്രമ നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.