ആയുഷ് മന്ത്രാലയത്തിന്റെ പരിപാടിയിൽ നിന്ന് ഡോക്ടർമാരെ ഇറക്കിവിട്ടു
ന്യൂഡൽഹി: ഹിന്ദി അറിയാത്തതിന്റെ പേരിൽ കേന്ദ്ര ആയുഷ് മന്ത്രാലയം സംഘടിപ്പിച്ച വെബിനാറിൽ നിന്ന് തമിഴ്‌നാട്ടിൽ നിന്നുള്ള ഡോക്ടർമാരെ ഇറക്കിവിട്ടതായി റിപ്പോർട്ട്.
'ഹിന്ദിയിൽ മാത്രമേ സംസാരിക്കൂ എന്നും അറിയാത്തവർ ഇരിക്കണമെന്നില്ലെന്നും" ആയുഷ് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 18 മുതൽ 20 വരെയാണ് യോഗ വിർച്വൽ പരിശീലനം ലക്ഷ്യമിട്ട് ആയുഷ് മന്ത്രാലയം വെബിനാർ സംഘടിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 350 പേർ പങ്കെടുത്തു. തമിഴ്‌നാട്ടിൽ നിന്ന് 37 പേരാണ് പങ്കെടുത്തത്. ഈ പരിശീലനത്തിൽ പങ്കെടുത്തവർ ആയുഷ് വെൽനസ് സെന്ററുകളിൽ നിയമിക്കപ്പെടുന്നവരെ പരിശീലിപ്പിക്കണമെന്നാണ് ഉദ്ദേശിച്ചിരുന്നത്.
''വെബിനാറിൽ മിക്ക സെഷനുകളും ഹിന്ദിയിൽ ആയിരുന്നു. മൂന്നാം ദിവസം ആയുഷ് മന്ത്രാലയ സെക്രട്ടറി രാജേഷ് കൊടേച്ചയും ഹിന്ദിയിൽ തന്നെയാണ് സംസാരിച്ചത്. അദ്ദേഹത്തോട് ഇംഗ്ലീഷിൽ പറയാൻ ആവശ്യപ്പെട്ടപ്പോൾ തനിക്ക് ഇംഗ്ലീഷിൽ ഒഴുക്കോടെ സംസാരിക്കാനാവില്ലെന്നും ഹിന്ദി അറിയാത്തവർക്ക് പോവാം എന്നുമായിരുന്നു മറുപടി. ' വെബിനാറിൽ പങ്കെടുത്തവർ പറയുന്നു.
ഹിന്ദി അറിയാത്തവർക്ക് പുറത്ത് പോവാം എന്നു കൊടേച്ച പറയുന്ന ഓഡിയോ ക്ലിപ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നുവെന്ന വാദം തമിഴ്നാട്ടിൽ രൂക്ഷമായി കൊണ്ടിരിക്കെയാണ് പുതിയ പ്രശ്നം. സംഭവത്തെക്കുറിച്ച് ആയുഷ് മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
അന്വേഷണം ആവശ്യപ്പെട്ട് കനിമൊഴി
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴി ആയുഷ് മന്ത്രി ശ്രീപദ് നായകിന് കത്ത് നൽകി. സെക്രട്ടറി രാജേഷിനെ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്ന് കനിമൊഴി ആവശ്യപ്പെട്ടു. കനിമൊഴിയെ പിന്തുണച്ച് കോൺഗ്രസ് എം.പി കാർത്തി ചിദംബരവും രംഗത്തെത്തി. 'ഇംഗ്ലീഷ് അറിയില്ലെന്നത് അംഗീകരിക്കാം. എന്നാൽ ഹിന്ദി അറിയാത്തവരോട് ഇറങ്ങി പോകാൻ ആവശ്യപ്പെടുന്നതും ഹിന്ദിയിൽ സംസാരിക്കാൻ നിർബന്ധിക്കുന്നതും ശരിയല്ല. ഈ അഹങ്കാരത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ല." കാർത്തി ട്വീറ്റ് ചെയ്തു. നേരത്തെ ഹിന്ദി അറിയാത്തതിനാൽ വിമാനത്താവളത്തിൽ വെച്ച് ഒരു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയോട് കനിമൊഴി ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാൻ ആവശ്യപ്പെട്ടത് വിവാദമായിരുന്നു.