@ഭീകരൻ ഉത്തർപ്രദേശ് സ്വദേശി
@വന്നത് സ്വാതന്ത്ര്യ ദിനത്തിൽ ആക്രമണത്തിന്
ന്യൂഡൽഹി: ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ഡൽഹിയിൽ ആക്രമണത്തിന് പ്രഷർകുക്കർ ബോംബുകളുമായി എത്തിയ ഉത്തർപ്രദേശുകാരനായ ഐസിസ് ഭീകരൻ അറസ്റ്റിലായി. യു. പിയിലെ ബൽറാംപുർ സ്വദേശി അബു യൂസഫ് എന്നറിയപ്പെടുന്ന മുഹമ്മദ് മുസ്‌താകീം ഖാൻ ആണ് ഡൽഹി പൊലീസിന്റെ പിടിയലായത്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത രണ്ട് പ്രഷർകുക്കർ ബോംബുകൾ നിർവീര്യമാക്കി. ഇവയിൽ 15 കിലോ സ്‌ഫോടകവസ്തുവാണ് നിറച്ചിരുന്നത്. ഇയാളുടെ പിസ്റ്റളും ബൈക്കും പിടിച്ചെടുത്തു.
ബൈക്കിൽ പോകവേ വെള്ളിയാഴ്ച രാത്രി 11.30ഓടെ കരോൾ ബാഗിനും ദൗളാകുവാമിനും ഇടയിലുള്ള റിഡ്ജ് റോഡ് പ്രദേശത്ത് പൊലീസ് ഇയാളെ തടഞ്ഞു. തുടർന്നുണ്ടായ വെടിവയ്പ്പിനൊടുവിലാണ് ഭീകരനെ അറസ്റ്റ് ചെയ്തത്. സ്വാതന്ത്ര്യ ദിനത്തിലെ കനത്ത സുരക്ഷാ സന്നാഹങ്ങൾ കാരണമാണ് ഭീകരാക്രമണപദ്ധതി അലസിയതെന്ന് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഡി.സി.പി പ്രമോദ് സിംഗ് കുശ്‌വാഹ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഭീരനെ എട്ടുദിവസം കസ്റ്റഡിയിൽ വിട്ടു.
ഇയാൾക്ക് അഫ്ഗാനിസ്ഥാനിലെ ഐസിസ് കമാൻഡർമാരുമായും കാശ്മീരിലെ ഭീകരരുമായും ബന്ധമുണ്ട്. ഐസിസുമായി നാലുവർഷമായി ഓൺലൈൻ ബന്ധം പുലർത്തിയിരുന്നു. ഒരു വർഷമായി ഇയാൾ നിരീക്ഷണത്തിലായിരുന്നു.
ഐസിസ് ബന്ധമുള്ള ഡോക്ടറെ കഴിഞ്ഞ ദിവസം ബംഗളുരുവിൽ അറസ്റ്റ് ചെയ്തിരുന്നു.
ഒറ്റയാൻ ചെന്നായ
'ലോൺ വൂൾഫ്' അഥവാ ഒറ്റയാൻ ചെന്നായ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊടും ഭീകരനാണ് പിടിയിലായത്. ഇവർ ആക്രമണങ്ങൾ ഒറ്റയ്‌ക്ക് ആസൂത്രണം ചെയ്‌ത് നടപ്പാക്കും.
@ഇംപ്രൊവൈസ്‌ഡ് എക്സ്‌പ്ലോസിവ് ഡിവൈസ് ( ഐ. ഇ. ഡി)
ഈ വിഭാഗത്തിലാണ് പ്രഷർകുക്കർ ബോംബ്. ചോറ്റുപാത്രം, കളിപ്പാട്ടം, പി. വി. സി / സ്റ്റീൽ പൈപ്പ്, തുടങ്ങി ഏത് രൂപത്തിലും ഐ. ഇ. ഡി നിർമ്മിക്കാം. മാരക പ്രഹര ശേഷിയുണ്ട്. വാഹനങ്ങളിൽ,റോഡിൽ, മൃഗങ്ങളിൽ, നഗര മദ്ധ്യത്തിൽ, മനുഷ്യന്റെ കൈയിൽ തുടങ്ങി എവിടെയും വയ്‌ക്കാം. സ്ഫോടനത്തിനായി റീചാർജബിൾ ബാറ്ററി, സർക്യൂട്ട് ബോർഡ്, ടൈമർ, വെടിമരുന്ന്, തിരി, ഇലക്ട്രിക് വയറുകൾ എന്നിവ ഘടിപ്പിക്കും. റിമോട്ട് കൺട്രോൾ, മൊബൈൽ ഫോൺ, ഇലക്ട്രിക് വയർ, ടൈമർ തുടങ്ങിയവ ഉപയോഗിച്ച് സ്ഫോടനം നടത്താം. കാശ്മീരിൽ സൈന്യത്തിനു നേരെയും മാവോയിസ്റ്ര് മേഖലകളിൽ സി.ആർ.പി.എഫിനെതിരെയും ഐ.ഇ.ഡി സ്ഫോടനങ്ങൾ വ്യാപകമാണ്.