ന്യൂഡൽഹി: ബാബ്റി മസ്ജിദ് തകർത്ത കേസിൽ വിധി പറയാനുള്ള അവസാന തീയതി നീട്ടി സുപ്രീംകോടതി. കേസ് പരിഗണിക്കുന്ന ലക്‌നൗ സി.ബി.ഐ പ്രത്യേക കോടതിക്കാണ് സെപ്തംബർ 30വരെ തീയതി നീട്ടി നൽകിയത്. പ്രത്യേക കോടതി ജഡ്ജി സുരേന്ദ്രകുമാർ യാദവിന്റെ അപേക്ഷ പ്രകാരം ജസ്റ്റിസുമായ രോഹിംഗ്ടൺ നരിമാൻ, നവീൻ സിൻഹ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
ഈ മാസം 31നകം വിധി പറയണമെന്നായിരുന്നു മുൻ ഉത്തരവ്. കേസിന്റെ നടപടികൾ അന്തിമഘട്ടത്തിലാണെന്ന് ജസ്റ്റിസ് സുരേന്ദ്രകുമാർ യാദവ് സുപ്രീം കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച പുരോഗതി റിപ്പോർട്ടും സമർപ്പിച്ചു. കേസിൽ പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്ന നടപടി ഇപ്പോൾ അന്തിമ ഘട്ടത്തിലാണ്. കൊവിഡ് കാലമായതിനാൽ ഓൺലൈനിലൂടെയാണ് പ്രതികളെ കോടതി മുമ്പാകെ ഹാജരാക്കുന്നത്. ബി.ജെ.പി നേതാക്കളായ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിംഗ് തുടങ്ങിയവരാണ് കേസിലെ പ്രധാന പ്രതികൾ.