karnan

പ്രശാന്ത് ഭൂഷണെതിരായ സുപ്രീംകോടതി നടപടി ഭരണഘടനാ വിരുദ്ധം

ന്യൂഡൽഹി: പ്രശാന്ത് ഭൂഷണെതിരായ സുപ്രീംകോടതി നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കോടതിയലക്ഷ്യത്തിന് ഇന്ത്യയിൽ ആദ്യമായി ശിക്ഷിക്കപ്പെട്ട ജഡ്ജിയായ ജസ്റ്റിസ് സി.എസ്. കർണൻ. ജഡ്ജിമാർ നിയമത്തിന് മുകളിലല്ല. വിരമിച്ചതോ നിലവിലുള്ളതോ ആയ ജഡ്ജിമാർക്കെതിരായ അഴിമതി ആരോപണങ്ങൾ കൈകാര്യം ചെയ്യാൻ സുതാര്യമായ സംവിധാനം രാജ്യത്ത് ഉറപ്പാക്കണമെന്നും ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജസ്റ്റിസ് കർണൻ പറഞ്ഞു.

'ജഡ്ജിമാർ നിയമത്തിന് അതീതരല്ല. വ്യവസ്ഥിതിയുടെ ഭാഗമായി നിൽക്കുന്നതിനാൽ പൊതുജനങ്ങളോട് ഉത്തരം പറയാൻ അവരും ബാദ്ധ്യസ്ഥരാണ്. ഇന്ത്യൻ ഭരണഘടന പിന്തുടരുകയും സുതാര്യമായി പ്രവർത്തിക്കുകയും വേണം. പൊതുജനങ്ങൾ നൽകുന്ന നികുതിയിൽനിന്നാണ് അവരും ശമ്പളം കൈപ്പറ്റുന്നത്.' -ജസ്റ്റിസ് കർണൻ പറഞ്ഞു.

2017 മേയ് ഒമ്പതിനാണ് ആദ്യമായി ഒരു ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ ജയിലിലടക്കാൻ സുപ്രീം കോടതി വിധിച്ചത്. ജസ്റ്റിസ് കർണന് ആറുമാസം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കേ, സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും സിറ്റിംഗ് ജഡ്ജിമാർക്കും വിരമിച്ച ജഡ്ജിമാർക്കുമെതിരെ അഴിമതി ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നിയമമന്ത്രിയായിരുന്ന രവിശങ്കർ പ്രസാദിനും സുപ്രീംകോടതി രജിസ്ട്രാർക്കും കത്തയക്കുകയായിരുന്നു. പിന്നീട്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഏഴംഗ ബെഞ്ച് മോശം പെരുമാറ്റത്തെ തുടർന്ന് കർണനെതിരെ കോടതിയലക്ഷ്യം ചുമത്തുകയായിരുന്നു. കർണനോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചിരുന്നില്ല. കർണന്റെ മാനസിക നില പരിശോധിക്കണമെന്നുവരെ സുപ്രീംകോടതി നിർദ്ദേശിച്ചു. ഇതിനെ കർണൻ പുച്ഛിച്ചു തള്ളിയതോടെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയായിരുന്നു.

സുപ്രീംകോടതിയെ വെല്ലുവിളിച്ച് കർണൻ

അഴിമതിയും ജാതി വിവേചനവും ജഡ്​ജിമാർക്കിടയിലുണ്ടെന്നും ദളിതനായതിനാൽ ​തന്നോട്​ വിവേചനം കാണിക്കുന്നുവെന്നും ജസ്റ്റിസ് കർണൻ ആരോപിച്ചിരുന്നു. മ​ദ്രാസ്​ ഹൈക്കോടതിയിൽനിന്ന്​ കൊൽക്കത്ത ഹൈക്കോടതിയിലേക്ക്​ സ്ഥലം മാറ്റിയ സുപ്രീംകോടതി ​കൊളീജിയത്തിന്റെ നടപടിയും അദ്ദേഹം റദ്ദാക്കി. തന്റെ അധികാര പരിധിയിൽ കൈകടത്തരുതെന്ന്​ സുപ്രീംകോടതിയോട്​ ഒരിക്കൽ പറയാനും അദ്ദേഹം മടിച്ചില്ല. തനിക്ക്​ യാത്രാവിലക്ക്​​ ഏർപ്പെടുത്തിയ സുപ്രീംകോടതി ജഡ്​ജിമാരുടെ യാത്ര വിലക്കിക്കൊണ്ടും അദ്ദേഹം ഉത്തരവിറക്കി.

കർണനെതിരെ പ്രശാന്ത് ഭൂഷൺ

ജസ്​റ്റിസ്​ കർണനെതിരെ സുപ്രീംകോടതി ശിക്ഷ വിധിച്ചതിനെ അനുകൂലിച്ച്​ പ്രശാന്ത്​ ഭൂഷൺ രംഗത്തെത്തിയിരുന്നു. ജഡ്​ജിമാ​ർക്കെതിരെ അസംബന്ധമായ പരാമർശങ്ങൾ നടത്തുകയും തന്റെ അധികാരം ഉപയോഗിച്ച്​ നിയമവിരുദ്ധമായി സുപ്രീംകോടതി ജഡ്​ജിമാരെ തടവിലാൻ ഉത്തരവിടുകയും ചെയ്​തുവെന്നായിരുന്നു പ്രശാന്ത്​ ഭൂഷന്റെ വിശദീകരണം. ഇതിനെതിരെ ജസ്​റ്റിസ്​ കർണൻ പ്രതികരിച്ചില്ല.

ഇന്ത്യയുടെ മാതൃനിയമം എല്ലാവർക്കും സംസാരിക്കാൻ അവസരം നൽകുമ്പോൾ കോടതി അതിനെ വിലക്കുന്നത്​ എന്തിനാണ്. ഞാനുമായി ബന്ധപ്പെട്ട കേസ്​ കൈകാര്യം ചെയ്​തത്​ ഏഴു ജഡ്​ജിമാരായിരുന്നു. എന്നാൽ, ഭൂഷന്റെ കേസിൽ മൂന്നുപേരും. ചില കോടതിയലക്ഷ്യ കേസുകൾ കൈകാര്യം ചെയ്യുന്നത്​ രണ്ടു ജഡ്​ജിമാരും. ഇതിൽനിന്ന്​ മനസിലാകും കോടതിയലക്ഷ്യ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ സ്ഥായിയായ നടപടിക്രമം ഇല്ലെന്ന്​.' -
- ജസ്റ്റിസ് കർണൻ.